Site icon Janayugom Online

ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ്; മാരകമായ സ്പൈവെയര്‍ ആക്രമണത്തിന് സാധ്യത

apple

ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ്. ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങളിലെ ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് പെഗാസസിന് സമാനമായ ചാരസോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ചുള്ള സ്പൈവെയര്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സാധാരണ സൈബര്‍ ആക്രമണങ്ങളെക്കാള്‍ സങ്കീര്‍ണമായ മേഴ്‌സിനറി (കൂലിപട്ടാളം) സ്പൈവേര്‍ ആക്രമണം ഫോണുകളെ ലക്ഷ്യമിട്ട് ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ പുലര്‍ച്ചെ 12.30നാണ് ഇന്ത്യയിലെ ഉപഭോക്താക്കാള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. ആക്രമണത്തിനിരയായ ഉപയോക്താക്കളെ അവരുടെ നിര്‍ദിഷ്ട ആപ്പിള്‍ ഐഡി ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്. വ്യക്തിയുടെ ഐഡന്റിറ്റി അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും ആക്രമണം. 2021 മുതല്‍ 150 രാജ്യങ്ങളിലെങ്കിലുമുള്ള ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഈ ഭീഷണി അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ആപ്പിളും ഗൂഗിളും പെഗാസസിനെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ സ്പൈവേറിന് സാധിക്കും. വലിയ ചെലവ് വരുന്നതിനാല്‍ തന്നെ ഇത്തരം ആക്രമണങ്ങള്‍ ഭരണകൂടങ്ങളുടേയോ ഏജന്‍സികളുടെയോ മറ്റോ പിന്തുണയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ സ്പൈവേര്‍ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു പ്രത്യേക സ്പൈവേറിന്റെ പേര് ആപ്പിള്‍ പറഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലും സമാനമായ മുന്നറിയിപ്പ് ഐഫോണ്‍ ഉപഭോക്താക്കളായ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ശശി തരൂര്‍, എഎപിയുടെ രാഘവ് ചദ്ദ, ടിഎംസിയുടെ മഹുവ മൊയ്ത്ര മുതല്‍ നിരവധിപ്പേര്‍ക്കാണ് സര്‍ക്കാര്‍ കേന്ദ്രീകൃത ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

Eng­lish Sum­ma­ry: Extreme secu­ri­ty warn­ing for Apple cus­tomers; Poten­tial for dead­ly spy­ware attack

You may also like this video

Exit mobile version