Site icon Janayugom Online

കൃത്രിമ തെളിവുണ്ടാക്കി; ലക്ഷദ്വീപ് മജിസ്ട്രേറ്റിന് സസ്പെന്‍ഷന്‍

ജഡ്ജിമാരും മജിസ്ട്രേറ്റുമാരും നിയമത്തിന് അതീതരല്ലെന്നും ചുമതലയിൽ വീഴ്ച വരുത്തുന്ന പക്ഷം പ്രത്യാഘാതം നേരിട്ടേ മതിയാവൂ എന്നും ഹൈക്കോടതി. ക്രിമിനൽ കേസിൽ പ്രതിയെ ശിക്ഷിക്കുന്നതിന് വ്യാജ തെളിവുണ്ടാക്കിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
ലക്ഷദ്വീപിലെ മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും നിലവിൽ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ആളെ, അച്ചടക്ക നടപടി പൂർത്തിയാവുന്നതു വരെ സസ്പെൻഡ് ചെയ്യാൻ കോടതി ദ്വീപ് ഭരണകൂടത്തോടു നിർദേശിച്ചു. ഈ നടപടി എല്ലാവർക്കും പാഠമായിരിക്കണമെന്ന് കോടതി പറഞ്ഞു. കേസിൽ പ്രഥമദൃഷ്ട്യാ മജിസ്ട്രേറ്റ് തിരിമറി നടത്തിയെന്നാണ് ബോധ്യമാവുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പെരുമാറ്റ ദൂഷ്യവും ചുമതലാ വീഴ്ചയുമാണ് മജിസ്ട്രേറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കേസിൽ മുൻ സിജെഎം കെ ചെറിയക്കോയ, അന്നത്തെ ബെഞ്ച് ക്ലർക്ക് പിപി മുത്തുക്കോയ, എൽഡി ക്ലർക്ക് എപി പുത്തുണ്ണി എന്നിവർക്കു നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. മൂവരും ജനുവരി 23ന് നേരിട്ടു ഹാജരാവണം.
ക്രിമിനൽ കേസിലെ പ്രതിയോട് മജിസ്ട്രേറ്റ് വ്യക്തിവിദ്വേഷം വച്ച് പെരുമാറിയെന്നും ഇല്ലാത്ത തെളിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്താത്ത തെളിവാണ്, ശിക്ഷ വിധിക്കുന്നതിന് ആധാരമായി മജിസ്ട്രേറ്റ് എടുത്തതെന്നും ഇതു വ്യാജമായി നിർമിച്ചതാണെന്നും ഹർജിക്കാർ പറഞ്ഞു. ഹർജിക്കാർക്ക് വേണ്ടി അഡ്വ ലാൽ കെ ജോസഫ് ഹാജരായി.

Eng­lish Sum­ma­ry: fab­ri­cat­ed evi­dence; Lak­shad­weep Mag­is­trate suspended

You may also like this video

Exit mobile version