Site iconSite icon Janayugom Online

പ്രവർത്തന രീതിയിലും ബദലായി മുഖാമുഖം

വകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന് കേരളത്തിലെ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ബൃഹത്തും വ്യത്യസ്തവുമായ പരിപാടികളിൽ ഒന്നായിരുന്നു വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത് നടത്തിയ മുഖാമുഖം. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സംസ്ഥാന മന്ത്രിസഭയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തി അഭിപ്രായങ്ങൾ കേൾക്കുകയും ലഭ്യമാകുന്ന പരാതികളിൽ സാധ്യമാകുന്നവ അതാതിടങ്ങളിലും അല്ലാത്തവ നിശ്ചിത കാലപരിധിക്കകവും പരിഹരിക്കുന്നതിനുള്ള നവ കേരള സദസിന്റെ അടുത്ത ഘട്ടമെന്ന നിലയിലായിരുന്നു മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി അവരോടുള്ളത് പറയുകയും അവരിൽ നിന്നുള്ളത് കേൾക്കുകയും ചെയ്യുന്നതിന് വിഭാവനം ചെയ്ത വ്യത്യസ്തമായ പരിപാടിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. കോഴിക്കോട് വച്ച് വിദ്യാർത്ഥികളുമായി ആരംഭിച്ച മുഖാമുഖം ഞായറാഴ്ച കൊച്ചിയിലെ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള സംവാദത്തോടെയാണ് സമാപിച്ചത്. യുവജനങ്ങളുമായി തിരുവനന്തപുരത്തും വനിതകളുമായി എറണാകുളത്തും ദളിത്, ആദിവാസി വിഭാഗങ്ങളുമായി കണ്ണൂരിലും സാംസ്കാരിക രംഗത്തുള്ളവരുമായി തൃശൂരിലും ഭിന്നശേഷി വിഭാഗങ്ങളുമായി തിരുവനന്തപുരത്തുമായിരുന്നു മുഖാമുഖം നടന്നത്. പെൻഷൻകാർ, വയോജനങ്ങൾ എന്നിവരുമായി തിരുവനന്തപുരത്ത് നിയമസഭാ ഹാളിലും തൊഴിൽ മേഖലയിലുള്ളവരുമായി കൊല്ലത്തും കാർഷിക മേഖലയിലുള്ളവരുമായി ആലപ്പുഴയിലുമായിരുന്നു മറ്റ് കൂടിക്കാഴ്ചകൾ. നവകേരള സദസിന്റെ ഭാഗമായി അതാതിടങ്ങളിൽ എല്ലാ ദിവസവും വിവിധ വിഭാഗങ്ങളിലുള്ളവരുമായി മന്ത്രിമാർ ഒന്നടങ്കം വിവിധ വിഷയങ്ങളെ കുറിച്ച് സംവദിക്കുകയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തിരുന്നു. അതിന്റെ വിപുലമായ ഘട്ടമെന്ന നിലയിലാണ് സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി അഭിപ്രായ രൂപീകരണം നടത്തിയത്.


ഇതുകൂടി വായിക്കൂ: നാടുണർത്തിയ നവകേരള സദസ്


സർക്കാർ പദ്ധതികൾ മുകൾതട്ടിൽ നിന്ന് ആവിഷ്കരിക്കുന്ന ഭരണ രീതിയായിരുന്നു നമ്മുടെ നാട്ടിൽ നിലനിന്നിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി താഴേ തട്ടിൽ നിന്ന് പദ്ധതി രൂപീകരിക്കുകയും അവരുടെ സഹകരണത്തോടെ നടപ്പിലാക്കുകയും ചെയ്യുന്ന രീതി കേരളത്തിൽ നടപ്പിലാക്കിയത് കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ സർക്കാരുകളായിരുന്നു. മന്ത്രിമാർ ജനങ്ങളെ നേരിട്ട് കേട്ട് അവരുടെ നിർദേശങ്ങളും പങ്കാളിത്തവും ഉൾച്ചേർത്തുള്ള പ്രസ്തുത രീതിയുടെ നിരവധി ഉദാഹരണങ്ങളിൽ കേരളത്തിന്റെ ഭൂപ്രശ്ന പരിഹാരവും സാക്ഷരതാ പ്രസ്ഥാനവുമുണ്ട്. മറ്റൊരു ഘട്ടമെന്ന നിലയിലാണ് ജനകീയാസൂത്രണ പദ്ധതിയുണ്ടായത്. അത് അധികാര വികേന്ദ്രീകരണത്തിന്റെ മറ്റൊരു മുഖവുമായിരുന്നു. മുഖാമുഖങ്ങളിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ച, ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകൾ ജനകീയ വികസന പദ്ധതിനിർവഹണത്തിന്റെ മറ്റുദാഹരണങ്ങളാണ്. കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊക്കെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി ഉണ്ടായതായിരുന്നു. ഈ വികസന പരിപ്രേക്ഷ്യത്തിന്റെ തുടർച്ച എന്ന നിലയിലാണ് ജനകീയാഭിപ്രായ സ്വരൂപണത്തിനുള്ള വിവിധ രീതികൾ അവലംബിക്കുന്നത്. അതിൽ ഒന്നായാണ് ഇപ്പോഴത്തെ മുഖാമുഖം പരിപാടി നടന്നത്.


ഇതുകൂടി വായിക്കൂ:  നവകേരള സദസ് ചരിത്രം; വിമർശകർ ഇരുട്ടിൽ


വ്യക്തിഗതമായ പരാതികളുടെ പരിഹരണത്തോടൊപ്പം ഓരോ വിഭാഗത്തിന്റെയും പൊതുവായ പ്രശ്നങ്ങൾ അറിയുകയും അവയുടെ പരിഹാരത്തിനായുള്ള പരിപാടികളും നയങ്ങളും ആവിഷ്കരിക്കുകയുമെന്നത് ജനകീയ സർക്കാരുകളുടെ പ്രത്യേകതയാണ്. അതിനുള്ള മാർഗങ്ങളെന്ന നിലയിലാണ് നവകേരള സദസും ഇപ്പോഴത്തെ മുഖാമുഖവും ആസൂത്രണം ചെയ്തത്. എല്ലാ മുഖാമുഖം പരിപാടികളിലുമുണ്ടായ വർധിച്ച പങ്കാളിത്തം ഈ പരിപാടിയോടുള്ള ജനങ്ങളുടെ അഭിനിവേശം വിളിച്ചോതുന്നതായിരുന്നു. സാധാരണക്കാർ മുതൽ അതാത് മേഖലയിൽ പ്രാഗൽഭ്യം തെളിയിക്കുകയും വേറിട്ട വഴികൾ തീർക്കുകയും ചെയ്ത നിരവധിപേരാണ് പരിപാടിക്കെത്തിയത്. തങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുന്നൊരു സർക്കാർ ഇവിടെയുണ്ടെന്നും സമൂഹത്തിന്റെ എല്ലാ പരിച്ഛേദങ്ങളെയും ചേർത്തു നിർത്തുന്നുവെന്നുമുള്ള ബോധ്യം അവരുടെയെല്ലാം മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. പ്രശ്നങ്ങളെ മാത്രമല്ല, പ്രശ്ന പരിഹാരങ്ങൾക്ക് സഹായകമാകുന്നവരെ കൂട്ടിയോജിപ്പിക്കുവാനുള്ള ശ്രമങ്ങളുമുണ്ടായി. അതായിരുന്നു ഏറ്റവും ഒടുവിൽ നടന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. അതാതിടങ്ങളിലെ ജനങ്ങളെ സാമൂഹ്യമായും സാംസ്കാരികമായും പരുവപ്പെടുത്താനും തിന്മകൾക്കെതിരെ അണിനിരത്തുവാനും സാധിക്കുന്ന പ്രബല സംഘടിത വിഭാഗമാണ് ഇപ്പോൾ റസിഡന്റ്സ് അസോസിയേഷനുകൾ. അങ്ങനെ മുഖ്യാധാരാ വിഭാഗങ്ങളെ മാത്രമല്ല പാർശ്വവൽകൃത ജീവിതങ്ങളെയും നവ സാമൂഹ്യ സംഘടനകളെയും അഭിസംബോധന ചെയ്യുവാനായി എന്നതും മുഖാമുഖത്തിന്റെ പ്രത്യേകതയായി. ബദൽ എന്നത് നയങ്ങളിൽ മാത്രമല്ല, പ്രവർത്തന രീതികളിലുമാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയായിരുന്നു മുഖാമുഖം പരിപാടി.

Exit mobile version