Site iconSite icon Janayugom Online

ഫേഷ്യൽചെയ്‌ത് പണം കടംപറഞ്ഞ്‌ പോയി; വനിതാ വ്യാജ എസ്‌ഐയുടെ തട്ടിപ്പ് പുറത്ത്

ഫേഷ്യൽചെയ്‌ത് പണം കടംപറഞ്ഞ്‌ പോയ വനിതാ വ്യാജ എസ്‌ഐയുടെ തട്ടിപ്പ് പുറത്ത് .ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്‌ഐ എന്ന വ്യാജേനയാണ് പൊലീസ് യൂണിഫോമിൽ തട്ടിപ്പ് നടത്തിയത് . തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ് അറസ്റ്റിലായത്. പാർവതിപുരം സ്വദേശി വെങ്കിടേഷിന്റെ പരാതിയെത്തുടർന്ന് വടശേരി പൊലീസാണ് അഭിപ്രിയയെ അറസ്റ്റ് ചെയ്തത്.വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് . 

വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടി പാർലറിൽ എത്തിയ ഇവർ മുഖം ഫേഷ്യൽചെയ്‌ത് പണം കടംപറഞ്ഞ്‌ പോയി. സംശയംതോന്നിയ വെങ്കിടേഷ് വടശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവർ മറ്റ് പലരെയും കബളിപ്പിച്ചതായി സംശയമുള്ളതായും, കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ അഭിപ്രിയ കുറ്റം സമ്മതിച്ചു. 13 വർഷം മുമ്പ് മുരുകൻ എന്ന 66കാരനെ അഭിപ്രിയ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു മകനും ഉണ്ട്. എന്നാൽ, അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആറ് വർഷത്തിന് ശേഷം ഇവർ ബന്ധം പിരിഞ്ഞു.

തുടർന്ന് ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിൽ സെയിൽസ് ഗേളായി ജോലി നോക്കി. അവിടെ വച്ച് പൃഥ്വിരാജ് എന്നയാളുമായി അടുപ്പത്തിലായി. മൂന്ന് മാസം മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പൃഥ്വിരാജിനെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് അഭിപ്രിയ അറിയിച്ചു. എന്നാൽ, ഒരു പൊലീസ് ഉദ്യോഗസ്ഥയെ അല്ലാതെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ലെന്നാണ് യുവാവ് പറഞ്ഞത്. തുടർന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പൊലീസ് യൂണിഫോം ധരിച്ച് ഇവർ വീഡിയോയും ഫോട്ടോയും എടുത്തു. വനിതാ എസ്ഐയുടെ വേഷം ധരിച്ച അവർ ചെന്നൈയിലും തിരുനെൽവേലിയിലും മറ്റ് നഗരങ്ങളിലും കറങ്ങിനടന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട് . 

Exit mobile version