Site icon Janayugom Online

കുറ്റവാളികളുടെയും വെറുപ്പിന്റെയും ഉല്പാദനശാലകള്‍

ചെറുപ്പത്തിലേ പിടികൂടുകയെന്നത് ഫാസിസത്തിന്റെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെയും രീതിശാസ്ത്രത്തില്‍പ്പെട്ടതാണ്. മതവിദ്വേഷത്തിന്റെയും വര്‍ണ വെറിയുടെയും പ്രചാരകരും പടയാളികളുമാക്കുന്നതിന് ചെറുപ്രായത്തില്‍ ആകര്‍ഷിക്കുകയും പരിശീലനം നല്കി വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്ന അതേ രീതിയാണ് ഇന്ത്യയില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റ് — തീവ്രവാദ സംഘടനകള്‍ അവലംബിച്ചു വരുന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുദ്രാവാക്യം വിളിച്ചുനീങ്ങിയ കുട്ടി അതിന്റെ തെളിവുകളിലൊന്നാണ്. നന്നേ ചെറുപ്രായത്തില്‍ അവന്റെ ശരീരത്തിനോ വശത്താക്കിയ ഭാഷയ്ക്കോ താങ്ങാവുന്നതിലപ്പുറം കനത്തതും വെറുപ്പും പ്രകോപനം നിറഞ്ഞതുമായ മുദ്രാവാക്യങ്ങളാണ് കുട്ടി വിളിച്ചുകൊടുക്കുന്നത്. നിരവധി പേര്‍ അത് ഏറ്റുവിളിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ വളരെ ആസൂത്രിതമായിരുന്നു ആ കുട്ടിയുടെ പങ്കാളിത്തവും മുദ്രാവാക്യം വിളികളുമെന്ന് വ്യക്തമാണ്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള കുട്ടിയാണ് മുദ്രാവാക്യം വിളിച്ചുകൊടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. അവന്‍ ആലപ്പുഴയില്‍ തനിച്ചെത്തിയെന്ന് കരുതുക വയ്യ. സംഭവം വിവാദമാവുകയും നിയമ നടപടികളിലേക്ക് നീളുകയും ചെയ്തപ്പോള്‍ സംഘടന നിശ്ചയിച്ച മുദ്രാവാക്യമല്ല കുട്ടി വിളിച്ചു കൊടുത്തതും മറ്റുള്ളവര്‍ ഏറ്റുവിളിച്ചതുമെന്നാണ് വിശദീകരണമുണ്ടായത്. അത് സാമാന്യബുദ്ധിക്ക് നിരക്കുന്നില്ല. കാരണം ഒന്നോ രണ്ടോ വരികളല്ല വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന കുറേയധികം വരികളാണ് ആ കുട്ടി വിളിച്ചുകൊടുക്കുന്നത്. അതിലുപയോഗിച്ച പല വാക്കുകളുടെയും അര്‍ത്ഥം പോലുമറിയാത്ത പത്തില്‍ താഴെയാണ് അവന്റെ പ്രായമെന്നാണ് മനസിലാക്കാവുന്നത്. അതുകൊണ്ടുതന്നെ മുദ്രാവാക്യം തയാറാക്കി നല്കിയും കാണാപാഠം പഠിപ്പിച്ചുമാണ് കുട്ടിയെ പ്രകടനത്തിനെത്തിച്ചതെന്ന് ഉറപ്പാണ്. സ്വന്തം സങ്കേതങ്ങളില്‍ ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയാണ് അതെന്നാണ് മറ്റുള്ളവര്‍ അതേറ്റു വിളിക്കുന്നതില്‍ നിന്നും വ്യക്തമാവുന്നത്.


ഇതുകൂടി വായിക്കൂ: ചുട്ടെടുക്കുന്ന ചരിത്രം മിഥ്യ


ഭൂരിപക്ഷ വര്‍ഗീയതയ്ക്കുള്ള മറുമരുന്ന് ന്യൂനപക്ഷ വര്‍ഗീയതയും വലതുതീവ്രവാദത്തിനുള്ള എതിര്‍പ്പ് അതേ നാണയത്തിലുള്ള തീവ്രവാദവുമാണെന്ന് വിശ്വസിക്കുന്ന എല്ലാ സംഘടനകളും ഒരേരീതിയാണ് സ്വീകരിക്കുന്നതെന്നാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇടതു ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ആശയപരമായാണ് അണികളെ സജ്ജരാക്കുന്നത്. സേവന — സന്നദ്ധ പ്രവര്‍ത്തനങ്ങളും സഹജീവി സ്നേഹവുമായാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഈ വിഭാഗം വെറുപ്പ് സൃഷ്ടിച്ചും ചെറുത്തുനില്ക്കാനുള്ള പരിശീലനം നല്കിയും കുറ്റകൃത്യങ്ങളെ ന്യായീകരിച്ചുമാണ് അണികളെ ആകര്‍ഷിക്കുന്നത്. സമ്പത്തും മറ്റ് പ്രലോഭനങ്ങളും നല്കി ആകര്‍ഷിക്കുന്ന രീതിയും ഇവര്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പല അരാജക — വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കണ്ണികള്‍ ഇത്തരം സംഘടനകളിലെ ചില പ്രവര്‍ത്തകരിലേയ്ക്കെങ്കിലും നീണ്ടെത്തുന്നത്. കള്ളക്കടത്ത്, കള്ളനോട്ടടി, മാഫിയാ പ്രവര്‍ത്തനം തുടങ്ങിയ കുറ്റകൃത്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ടാകുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഫാസിസത്തിന്റെ മുഖമുദ്രകള്‍


കേരളം പോലൊരു സംസ്ഥാനത്ത് ഭൂരിപക്ഷ — ന്യൂനപക്ഷ വര്‍ഗീയതയെ നമുക്ക് തടുത്തുനിര്‍ത്താനാകുന്നത് പ്രബുദ്ധവും മതേതരവും സാംസ്കാരികവുമായി ഉന്നതമായൊരു സമൂഹമാണ് എന്നതുകൊണ്ടാണ്. പല മതങ്ങളുടെ പേരിലാണെങ്കിലും പ്രവര്‍ത്തനത്തിലും നിലപാടുകളിലും പരിപാടികളിലും ഒരേരീതി പിന്തുടരുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആ മതങ്ങളുടെ ആശയങ്ങളെയല്ല ശക്തിപ്പെടുത്തുന്നത്. പകരം അവരവരുടെ ആമാശയത്തിന്റെ നിലനില്പിനായി വിദ്വേഷം വിതറുകയും പരസ്പരം ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സ്വയം ന്യായീകരിക്കുവാന്‍ മറ്റുള്ളവര്‍ ചെയ്തതിനെ ഉദാഹരിക്കുമ്പോള്‍ ആ പരസ്പര സഹായ സഹകരണമാണ് പ്രകടമാകുന്നത്. ഫലത്തില്‍ അത് എതിരാളികളുടെ രീതികളെയും അംഗീകരിക്കുന്നതിന് തുല്യമാകുന്നു. പോപ്പുലര്‍ ഫ്രണ്ടായാലും ആര്‍എസ്എസായാലും മറ്റു മതങ്ങളിലെ പ്രതിലോമ — തീവ്രവാദ സംഘടനകളായാലും സമൂഹത്തിനുണ്ടാക്കുന്ന പരിക്കുകള്‍ക്ക് വ്യത്യാസമില്ല. കുറ്റവാളികളെയും വെറുപ്പും ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായാണ് അവ പ്രവര്‍ത്തിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഫാസിസം ചൂഷണത്തെ പൈതൃകമാക്കുന്നു


ഈ കേസുണ്ടായ അതേ ദിവസമാണ് വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ വിവാദനായകനായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചതെന്നത് യാദൃച്ഛികമാവാം. 70 വയസു കഴിഞ്ഞതിനാല്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയുണ്ടായി. പി സി ജോര്‍ജിന്റെ വിദ്വേഷ വാക്കുകള്‍ എപ്പോഴെല്ലാം നാം കേട്ടിട്ടുണ്ടോ അപ്പോഴെല്ലാം അത് ആശയപരമായ നിലപാടിന്റെയല്ല സ്ഥാനമാനങ്ങള്‍ക്കായുള്ള നിലനില്പിന്റെ പ്രശ്നമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആലപ്പുഴയില്‍ പത്തുവയസില്‍ താഴെയുള്ള കുട്ടിയെ മുന്‍നിര്‍ത്തിയാണ് വെറുപ്പ് പടര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതെങ്കില്‍ ആര്‍എസ്എസിന്റെ പല നേതാക്കളിലൂടെയും നാം അത് കേട്ടിട്ടുണ്ട്, കേള്‍ക്കുന്നുമുണ്ട്. വിഷം വമിപ്പിക്കുന്ന അത്തരം വാക്കുകളും മുദ്രാവാക്യങ്ങളും പ്രായഭേദമന്യേ ആരില്‍ നിന്നുണ്ടായാലും കടുത്ത നടപടികളുണ്ടാകണം.

Exit mobile version