ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസിനെതിരെ വാളോങ്ങി സഖ്യ കക്ഷികളായ ശിവസേനയും എഎപിയും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം തങ്ങളുടെ മുഖപത്രമായ ‘സാംമ്‌ന’യിലൂടെ വിമര്‍ശനമുന്നയിച്ചു. അനുകൂല സാഹചര്യം ഉണ്ടായിട്ടും അത് മുതലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നാണ് ശിവസേനയുടെ വിമര്‍ശനം. ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തെയും മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യ കക്ഷിയായ ശിവസേന ചോദ്യം ചെയ്തു. ഭൂപീന്ദര്‍ ഹൂഡ അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെയും ശിവസേന മുഖപത്രം വിമർശിച്ചു . കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് ഹരിയാനയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്താൻ കാരണമെന്ന് ‘സാമ്‌ന’ പറയുന്നു . കോണ്‍ഗ്രസിന് ഉറപ്പായും ജയിക്കാവുന്ന സാഹചര്യമായിരുന്നു, എന്നാല്‍, വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം-സാംമ്‌ന എഴുതി. എഎപിയും കോണ്‍ഗ്രസിന്റെ സമീപനത്തെ വിമര്‍ശിച്ചു. ‘ഏറ്റവും വലിയ പാഠം തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാകാന്‍ പാടില്ല എന്നതാണ്’, അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പും നിസ്സാരമായി എടുക്കരുത്. ഓരോ തിരഞ്ഞെടുപ്പും ഓരോ സീറ്റും കടുപ്പമേറിയതാണ്, അദ്ദേഹം ചൊവ്വാഴ്ച എഎപി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു.