Site iconSite icon Janayugom Online

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ വീഴ്ച; കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കല്‍ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കല്‍ ലൈസന്‍സ് റദ്ദാക്കി. ലൈസന്‍സിന് വിരുദ്ധമായാണ് ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

കുടവയര്‍ ഇല്ലാതാക്കാമെന്ന സോഷ്യല്‍ മീഡിയ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ സമീപിക്കുന്നത്. ഫെബ്രുവരി 22നാണ് ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടത്തിയടത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 22 ദിവസമാണ് ഇവര്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. അനുദിനം അണുബാധ വഷളായി. കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും വിരലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മാര്‍ഗമില്ലെന്ന അവസ്ഥ വന്നു. കൈകാലുകളിലെ ഒമ്പത് വിരലുകള്‍ യുവതിക്ക് നഷ്ടമായി. നേരത്തെ, ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചിട്ടില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എത്തിക്‌സ് കമ്മറ്റിക്കാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് തള്ളിയ എത്തിക്‌സ് കമ്മിറ്റി വീണ്ടും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിക്കെതിരെ നടപടി വന്നത്.

Exit mobile version