Site iconSite icon Janayugom Online

വ്യാജ ആധാർ നിർമ്മാണ സംഘങ്ങൾ വ്യാപകം

വിദേശികൾക്കടക്കം വ്യാജ ആധാർ നിർമ്മിച്ച് നൽകുന്ന സംഘങ്ങൾ രാജ്യത്ത് വിലസുന്നു. വ്യാജ ആധാർ ഉപയോഗിച്ച് എടുത്ത പാസ്പോർട്ടുമായി യുഎഇയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് നേപ്പാളികൾ നെടുമ്പാശേരിയിൽ പിടിയിലായതോടെയാണ്, പണം മുടക്കിയാൽ വിദേശികൾക്കു വരെ ഇന്ത്യൻ ആധാർ അനായാസം ലഭ്യമാക്കുന്ന സംഘങ്ങളെക്കുറിച്ചറിവായത്.
നേപ്പാളികളിലൊരാൾ ഹരിയാനയിലെ വ്യാജ വിലാസത്തിലും അടുത്തയാൾ പശ്ചിമ ബംഗാളിലെ വിലാസത്തിലുമാണ് ആധാർ തരപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നേപ്പാളികളെക്കാൾ ഇന്ത്യക്കാർക്കാണ് ജോലി സാദ്ധ്യത എന്ന അറിവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെത്തി വ്യാജ ആധാറും തുടർന്ന് പാസ്പോർട്ടും സംഘടിപ്പിച്ച് വിസിറ്റിംഗ് വിസയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടക്കുന്നതാണ് രീതി. നേപ്പാളികളുടെ സംസാരത്തിൽ സംശയം തോന്നി, എമിഗ്രേഷൻ വിഭാഗം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരളഴിഞ്ഞത്.
ആധാറിൽ കൃത്രിമം കാണിക്കുന്നതിന് കൂട്ടുനിൽക്കുന്ന ആധാർ ഓപ്പറേറ്റർമാരെ ഈ വർഷമാദ്യം ഡൽഹിയിൽ അറസ്റ്റ് ചെയ്യുകയും സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. അനധികൃതമായി വ്യക്തികളുടെ താല്പര്യങ്ങൾക്കനുസരിച്ച് ആധാറിൽ മാറ്റം വരുത്തുന്നതിനു വേണ്ടിയുള്ള പണികളാണ് ഇവർ ചെയ്തിരുന്നത്. ആധാർ സംവിധാനം ദുരുപയോഗം ചെയ്യുന്ന ഓപ്പറേറ്റർമാരെ കണ്ടെത്തുന്നതിന് മെഷീനുകളിൽ ജിപിഎസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിലൂടെ ആധാർ സംബന്ധമായ പ്രവൃത്തികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാവുമെന്നും യുണിക്ക് ഐഡൻറിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആധാറിലെ വിവരങ്ങൾ മാറ്റുന്നതിനായി ഉപയോഗിക്കുന്ന മെഷിനിലെ പ്രതിദിന പ്രവർത്തനങ്ങളുടെ എണ്ണം നിയന്ത്രിച്ചതായും യുഐഡിഎഐ പറഞ്ഞിരുന്നു. പക്ഷേ, ഇത്തരം അവകാശ വാദങ്ങളിലാന്നും കഴമ്പില്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ആധാറുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപകമായി അരങ്ങേറുന്നത്. ഹൈദരാബാദിൽ 7000 ആധാർ കാർഡുകൾവരെ ഒരു റാക്കറ്റ് നിർമ്മിച്ച് കൈമാറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.
കേരളമടക്കം പല സംസ്ഥാനങ്ങളിലും ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഒട്ടുമിക്ക തട്ടിപ്പുകളും വ്യാജ ആധാറിന്റെ പിൻബലത്തിലാണ്.
eng­lish sum­ma­ry; Fake Aad­haar man­u­fac­tur­ing gangs
you may also like this video;

Exit mobile version