Site icon Janayugom Online

മദ്യം കിട്ടാത്ത തമിഴ്നാട്ടുകാർക്ക് ബാര്‍: ഒപ്പം താമസ സൗകര്യവും: വില്‍പ്പന ആരംഭിക്കുക പുലര്‍ച്ചെ നാലുമണിക്ക്: ഒടുവില്‍ വ്യാജബാറുടമ അറസ്റ്റില്‍

പടിഞ്ഞാറെ കോട്ട ജംഗ്ഷന് സമീപം വീട് വാടകക്ക് എടുത്ത് തമിഴ് നാട്ടുകാർക്ക് മാത്രമായി ബാർ മോഡൽ മദ്യവിൽപ്പന നടത്തിയിരുന്ന തമിഴ്ന്നാട് തിരുവണ്ണാമല പോലൂർ താലൂക്കിലെ ഏഴുമല മകൻ സെൽവം (40)  എന്നയാളെ തൃശ്ശൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തൃശ്ശൂർ റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ടി ആർ ഹരിനന്ദനനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പ്രതി സെൽവം 4 വർഷക്കാലമായി പടിഞ്ഞാറെ കോട്ടയിൽ വീട് വാടകക്ക് എടുത്തിട്ട്. ഈ വീട്ടിൽ തമിഴ്നാട്ടുകാരെ മാത്രമാണ് താമസിപ്പിച്ചിരുന്നത്.

മദ്യം കിട്ടാത്ത ദിവസങ്ങളിൽ തമിഴ്നാട്ടുകാർ മദ്യപിച്ച് വരുന്നതും പടിഞ്ഞാറെ കോട്ടയിൽ നിന്ന് ബഹളമുണ്ടാക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ദിവസം 50 രൂപയ്ക്കാണ് തമിഴനാട്ടുകാർക്ക് താമസിക്കാൻ സൗകര്യം കൊടുത്തിരുന്നത്. കിടക്കാൻ ഉള്ള പായ, ഷീറ്റ് എല്ലാം താമസിക്കുന്നവർ കൊണ്ടുവരണം. അവർ പോകുമ്പോൾ അത് തിരിച്ച് കൊണ്ടുപോകുകയും ചെയ്യും. ഒന്നും ഇല്ലാത്തവർ പേപ്പർ വിരിച്ച് കിടക്കും. ഒരു ദിവസം 30 പേരിൽ അധികം ഈ വീട്ടിൽ താമസിച്ചിരുന്നു. അവരിൽ നിന്നെല്ലാം രാത്രി താമസിക്കാൻ 50 രൂപ വെച്ച് വാങ്ങും. ഭക്ഷണം വേണമെങ്കിൽ കാശ് കൂടുതൽ കൊടുക്കണം.

ഇവർക്ക് ആവശ്യമുള്ള മദ്യം 180 ML ന് 200 രൂപ നിരക്കിൽ പ്രതി വിൽപ്പന നടത്തിയിരുന്നു. വെളുപ്പിന് 4 മണിക്ക് പുറത്ത് താമസിക്കുന്ന തമിഴ് നാട്ടുകാർ വരി വരിയായി വരും. അവരെ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ല. ആവശ്യമുള്ളവർ മദ്യം വാങ്ങി സഞ്ചിയിൽ വെച്ച് പോകും. ആവശ്യക്കാർ കുപ്പി കൊണ്ട് വരണം. അതിൽ ഒഴിച്ച് കൊടുത്ത് കാശ് വാങ്ങും. മലയാളികൾക്കോ മറ്റ് സംസ്ഥാനക്കാർക്കോ സെൽവം മദ്യം കൊടുക്കില്ല. ആവശ്യമുള്ളവർ തമിഴ്നാട്ടുകാർക്ക് പണം നൽകി അവരെ ഉപയോഗിച്ച് വാങ്ങണം. ഇവർക്ക് പൈസയും കാലി കുപ്പിയും കൊടുത്ത് വിടും. അവർ വാങ്ങി മറ്റുള്ളവർക്ക് കൊടുക്കും.

ബിവറേജിൽ നിന്നുമാണ് സെൽവം മദ്യം വാങ്ങുന്നത്. ഒരു ദിവസം 20 ലിറ്ററിലധികം മദ്യം സെൽവം വിറ്റിരുന്നു വിൽപ്പനക്ക് ശേഷം ഉണ്ടായിരുന്ന മുന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർ കെ എം സജീവ്, രാജേഷ്  കെ വി. സിവിൽ എക്സൈസ് ഓഫിസർമാരായ പി വി വിശാൽ , ടി സി വിപിൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

 

Eng­lish Sum­ma­ry: Fake bar for Tamil Nadu: Accom­mo­da­tion: Start sell­ing liquor at 4am: Fake bar own­er final­ly arrested

 

You may like this video also

Exit mobile version