Site iconSite icon Janayugom Online

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; കുട്ടിയുടെ ദത്ത് നടപടി നിര്‍ത്തിവെച്ചു

kalamsserykalamssery

കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ ശിശുക്ഷേമ സമിതി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടി സമിതിയുടെ സംരക്ഷണയില്‍ തന്നെ തുടരുമെന്ന് ചെയര്‍മാന്‍ കെ കെ ഷാജു വ്യക്തമാക്കി. കുട്ടിയെ നിലവില്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മാതാപിതാക്കളുടെ അന്തിമതീരുമാനം അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം കേസിലെ ഒന്നാം പ്രതി അനിൽ കുമാർ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ കേസെടുത്തതിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയിരുന്നു. മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അറസ്റ്റിലായ അനിൽകുമാർ. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് ദത്തെടുത്ത കുഞ്ഞിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയെന്നാണ് കേസ്. 

സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നാണ് അനിൽ കുമാർ പറഞ്ഞിരുന്നത്. സൂപ്രണ്ട് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അനൂപ് എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ഒരു സർട്ടിഫിക്കറ്റ് ശരിപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അനിൽ കുമാറിന്റെ വാദം. എന്നാൽ ഈ വാദം തള്ളികളയുകയാണ് സൂപ്രണ്ട്. കളമശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്ക് എക്സിക്യൂട്ടീവ് ഓഫീസർ രഹ്ന എൻ നൽകിയ പരാതിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുറത്ത് വന്നത്. 

ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ രഹ്നയ്ക്കെതിരെയും കേസുണ്ട്. അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകൾ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതും അടക്കം സങ്കീർണമായ നിരവധി തട്ടിപ്പുകൾ കളമശേരി സംഭവത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Eng­lish Summary;Fake birth cer­tifi­cate case; Adop­tion of the child was stopped

You may also like this video 

Exit mobile version