Site iconSite icon Janayugom Online

വീണ്ടും വ്യാജ ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ തിരിച്ചെത്തി

airindiaairindia

ബോംബ് ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ തിരിച്ചെത്തി. സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ് വീണ്ടും 303 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്നത്. ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി കാരണം പുതിയ ഓപ്പറേറ്റിംഗ് ക്രൂവിനൊപ്പമാണ് വിമാനം പുറപ്പെട്ടതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ‘വിമാനത്തില്‍ ബോംബുണ്ട്’ എന്ന സന്ദേശമെഴുതിയ കുറിപ്പ് ടോയ്ലറ്റിനുള്ളില്‍ വെച്ചത്. തുടര്‍ന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഒമ്പത് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം മുംബൈയിലേക്ക് മടങ്ങേണ്ടി വന്നത്.

മുംബൈയില്‍ തിരിച്ചിറങ്ങിയ ബോയിംഗ് 777–300 ഇആര്‍ വിമാനം സുരക്ഷാ ഏജന്‍സികള്‍ സമഗ്രമായി പരിശോധിച്ചതിന് ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് സര്‍വീസ് പുനഃക്രമീകരിച്ച ശേഷമാണ് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു അജ്ഞാത വ്യക്തിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Exit mobile version