Site iconSite icon Janayugom Online

കള്ളക്കേസ് പിന്‍വലിക്കണം: ബിനോയ് വിശ്വം

ഛത്തീസ്ഗഢില്‍ കള്ളക്കേസില്‍ കുടുക്കി ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടിയത് ആശ്വാസകരമെങ്കിലും കേസുകള്‍ റദ്ദാക്കപ്പെടുംവരെയും സമരം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബജ്റംഗ്ദള്‍ കല്പിച്ചത് പ്രകാരമാണ് ഛത്തീസ്ഗഢിലെ പൊലീസ് പ്രവര്‍ത്തിച്ചത്. ആ സത്യം മൂടിവച്ചുകൊണ്ടുള്ള കള്ളക്കളിയാണ് ബിജെപി നേതൃത്വം ഉടനീളം കളിച്ചതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന ആര്‍എസ്എസ് നിലപാടാണ് രാജ്യമാകെ നടക്കുന്ന ക്രിസ്ത്യന്‍ വേട്ടകള്‍ക്ക് അടിസ്ഥാനം. വോട്ടുപെട്ടിയില്‍ കണ്ണുവച്ച് അരമനയില്‍ പോയി നാടകം കളിക്കുന്നവരുടെ അഭിനയ പാടവം കൊണ്ട് അവരുടെ പാപത്തിന്റെ കളങ്കം മാഞ്ഞുപോകില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും അടക്കമുള്ള എല്ലാ മത ന്യൂനപക്ഷങ്ങളുടെയും വിശ്വാസസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും രംഗത്തുണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Exit mobile version