കായംകുളം എംഎസ്എം കോളജില്‍ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.എംഎസ്എം കോളജ് പ്രിൻസിപ്പാൾ പൊലീസിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കായംകുളം എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കോളജിലെത്തി പ്രിൻസിപ്പാൾ മുഹമ്മദ് താഹയുടെ മൊഴി രേഖപ്പെടുത്തി.
ഡിഗ്രി പ്രവേശനം മുതൽ എം കോം അഡ്മിഷൻ വരെയുള്ള കാര്യങ്ങളും സർട്ടിഫിക്കറ്റ് സംബന്ധിച്ച കാര്യങ്ങളുമാണ് പൊലീസ് ചോദിച്ചറിഞ്ഞത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി നിഖിൽ എം കോമിന് അഡ്മിഷൻ നേടിയത് സംബന്ധിച്ച് കോളജ് തലത്തിൽ രൂപീകരിച്ച ആറംഗ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കോളജ് തലത്തിൽ സംവിധാനങ്ങളില്ലെന്നും യൂണിവേഴ്സിറ്റി നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നൽകിയതെന്നും നിഖിലിന് അഡ്മിഷൻ തരപ്പെടുത്തുന്നതിൽ അധ്യാപകർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
English Summary:Fake degree certificate; A case was filed against Nikhil Thomas
You may also like this video