മധ്യപ്രദേശില്‍ വ്യാജ ഡോക്ടറുടെ ഹൃദയശസ്ത്രക്രിയ്ക്ക് വിധേയരായ ഏഴുരോഗികൾ മരിച്ചു. ദാമോ നഗരത്തിലെ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിലാണ് സംഭവം.
ബ്രിട്ടനിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് എൻ ജോൺ കെം ആണ് താനെന്ന് അവകാശപ്പെട്ടാണ് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നയാള്‍ ജോലിനേടിയത്. തുടർന്ന് ഇയാൾ രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ ഒരോരുത്തരായി പിന്നീട് മരിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസത്തിനുള്ളിലാണ് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാജ ഡോക്ടര്‍ക്കെതിരെ പരാതികൾ ഉയർന്നതോടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ആശുപത്രിയിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ വ്യാജ രേഖകളാണിവയെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാൾക്കെതിരെ ഹൈദരാബാദിൽ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക മരണസംഖ്യ ഏഴ് ആണെങ്കിലും യഥാർത്ഥ എണ്ണം ഇതിലും വളരെ കൂടുതലാണെന്ന് അഭിഭാഷകനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ പ്രസിഡന്റുമായ ദീപക് തിവാരി പറഞ്ഞു.

