യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് ഡിഐജി ജെ ജയനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് എഡിജിപി ഉത്തരവിറക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കൈമാറിയത്. വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളില്‍ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നവര്‍ അറസ്റ്റിലായിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് നിലവിലെ അന്വേഷണ സംഘം നേരത്തെ തന്നെ എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. വിവിധ ജില്ലകളിൽ നിന്നും തെളിവുകളടക്കം ശേഖരിക്കേണ്ടതിനാൽ ക്രൈം ബ്രാഞ്ച് തന്നെ ഇതിനായി വേണമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ റിപ്പോർട്ട്. ഇത് പരിഗണിച്ചാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്.വരും ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് സംഘം യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴിയെടുക്കും.
English Summary;Fake Identity Card; The investigation has been handed over to a special team by the crime branch
You may also like this video