കെവൈസി, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാനാവശ്യപ്പെട്ടയച്ച സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമായത് ലക്ഷക്കണക്കിന് രൂപ. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിലെ 40 ഇടപാടുകാരില്‍ നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. ഉപഭോക്താക്കള്‍ കെവൈസി, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പുകാര്‍ വ്യാജ സന്ദേശം അയച്ചത്.
വിവരങ്ങള്‍ പുതുക്കുന്നതിനായി ലിങ്കും സന്ദേശത്തിലുണ്ടായിരുന്നു. ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവരുടെ കസ്റ്റമര്‍ ഐഡി, പാസ് വേര്‍ഡ്, മറ്റ് രഹസ്യാത്മക വിശദാംശങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം നല്‍കിയവരുടെ പണമാണ് നഷ്ടമായതെന്ന് മുംബൈ പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ 40 പേരില്‍ ടിവി നടി ശ്വേതാ മേമനും ഉള്‍പ്പെടുന്നു. കഴിഞ്ഞ വ്യാഴാഴ്ച തന്റെ ബാങ്കില്‍ നിന്നുള്ളതാണെന്ന് വിശ്വസിച്ച് വ്യാജ സന്ദേശത്തില്‍ നിന്നുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഒടിപി പറഞ്ഞുനല്‍കിയശേഷം അക്കൗണ്ടില്‍ നിന്ന് 57,636 രൂപ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

