Site iconSite icon Janayugom Online

ഹിന്ദുത്വ വാദികളുടെ വ്യാജരാജ്യത്തട്ടിപ്പ്; ആര്‍എസ്എസിന് അമേരിക്കയില്‍ കുരുക്കൊരുങ്ങുന്നു

ഒരു ഭാഗത്ത് ലോകം പുരോഗമനമായി മാറാനും ശാസ്ത്രീയമായി കുതിക്കാനും വെമ്പല്‍ കൊള്ളുമ്പോള്‍ ഹിന്ദുത്വവാദികളം തീവ്രഹിന്ദു സംഘടനകളും ഹൈന്ദവ സാങ്കല്പിക രാജ്യത്തിനായി തട്ടിപ്പുകള്‍ നടത്തുന്നു. ഹിന്ദു സ്വയംസേവക് സംഘിന്റെ അമേരിക്കന്‍ ശാഖയായ എച്ച്എസ്എസ്-യുഎസ്എ, സമ്പന്നവര്‍ഗത്തെയും ചില രാഷ്ട്രീയ നേതാക്കളെയും നിരന്തരം കബളിപ്പിച്ചുവരികയാണ്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിനോട് ബന്ധമുള്ളതുതന്നെയാണ് എച്ച്എസ്എസ്. സ്വയംപ്രഖ്യാപിത ആള്‍ദൈവവും സാങ്കല്പിക രാജ്യമായ കൈലാസത്തിന്റെ അധിപനുമായ നിത്യാനന്ദയുടെ പേരില്‍ ഇവര്‍ നടത്തിയ തട്ടിപ്പുകള്‍ക്ക് ഇരയായത് യുഎസിലെ മുപ്പതോളം നഗരങ്ങളാണെന്നതാണ് മറ്റൊരു വസ്തുത. ‘കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സ്’ എന്ന രാജ്യത്തിന്റെ സഹോദര നഗരങ്ങള്‍ എന്ന പേരില്‍ കരാര്‍ ഒപ്പിട്ടവരാണ് വെട്ടിലായത്. ഇതില്‍ നിന്ന് തലയൂരാനാവാതെ, അമേരിക്കന്‍ നാടുകളില്‍ നാണം കെട്ടുനില്‍ക്കുകയുമാണ് നഗരാധിപന്മാര്‍.

ന്യൂജേഴ്സിയിലെ നെവാര്‍ക്ക് നഗരം കഴിഞ്ഞ മാര്‍ച്ചിലാണ് കൈലാസ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഹോദരി നഗരം എന്ന പേരില്‍ കരാര്‍ ഒപ്പിട്ടത്. ഹിന്ദു സ്വയം സേവക് സംഘിന്റെ ആളുകള്‍ പറഞ്ഞ തട്ടിപ്പുകഥകളില്‍ വീണ ഭരണാധികാരികള്‍, വസ്തുതകള്‍ തിരിച്ചറിഞ്ഞപ്പോള്‍ കരാര്‍ റദ്ദാക്കിയിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ സാങ്കല്പിക രാജ്യമായ കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ എന്ന സന്ന്യാസിവേഷം ധരിച്ച വനിത പങ്കെടുത്തിരുന്നു. അവര്‍ ‘കൈലാസയുടെ നിയുക്തപ്രധാനമന്ത്രി‘യായി നിത്യാനന്ദയെ വര്‍ണിക്കുകയും രാജ്യത്തിന്റെ ലക്ഷ്യം വിവരിക്കുകയും ചെയ്തതില്‍ ഭ്രമിച്ചാണ് നെവാര്‍ക്ക് നഗരം എച്ച്എസ്എസുമായി കരാറുണ്ടാക്കിയത്. അമേരിക്കയിലെ പ്രസിദ്ധ നഗരങ്ങളായ ഫ്ലോറിഡയും റിച്ച്മോണ്ട്, വിര്‍ജീനിയ, ഒഹിയോ എന്നിവയെല്ലാം കൈലാസയുടെ സഹോദരി നഗരങ്ങളാകാന്‍ കരാര്‍ ഒപ്പുവച്ചിരുന്നു.

കൈലാസ എന്നത് ഒരു ദ്വീപ് രാജ്യമാണ് എന്ന തരത്തിലാണ് അമേരിക്കയിലെ നഗരങ്ങളെ ഹിന്ദു സ്വയംസേവക് സംഘ് പ്രവര്‍ത്തകര്‍ നഗരാധിപന്മാരെ സമീപിച്ചത്. പല നഗരങ്ങളും ജനുവരിയോടെ കരാര്‍ ഒപ്പിടല്‍ നടത്തുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയിലെ വിജയപ്രിയയുടെ വിവാദ പ്രാതിനിധ്യവും പ്രസംഗവും വാര്‍ത്തയായെങ്കിലും അമേരിക്കന്‍ നാടുകളില്‍ ഈയിടെയാണ് അതിന് പ്രചാരണം ലഭിച്ചത്. ഇതോടെ എന്താണ് കൈലാസ എന്നും ആരാണ് നിത്യാനന്ദയെന്നും അന്വേഷണം തുടങ്ങി. തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞ നഗരങ്ങള്‍ കരാര്‍ റദ്ദാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

ബലാത്സംഗം, തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിലകപ്പെട്ട് ഇന്ത്യയില്‍ നിന്ന് മുങ്ങി ഒളിവില്‍ കഴിയുന്ന ആളാണ് കൈലാസയുടെ ‘സര്‍വാധിപന്‍’ നിത്യാനന്ദയെന്ന വാര്‍ത്ത അമേരിക്കയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.

അമേരിക്കയിലെ രാഷ്ട്രീയക്കാരില്‍ പലരും നിഷ്കളങ്കരും ഉദാരമനസ്കരുമാണെന്നാണ് വയ്പ്പ്. യുഎസിനപ്പുറമുള്ള ഏതൊരു നാടും സ്ഥാപനവും തങ്ങളെ സമീപിച്ചാല്‍ അവര്‍ക്ക് അംഗീകാരം നല്‍കും. നഗരങ്ങള്‍ മാത്രമല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളും, തങ്ങളുടെ സഹായവും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കൈമാറും. ആശ്രയിച്ചെത്തുന്നവരുടെ അഭ്യര്‍ത്ഥന കണ്ണുമടച്ച് അംഗീകരിച്ചുകൊണ്ട് ഒരു മാസത്തില്‍ രണ്ട് പ്രഖ്യാപനങ്ങള്‍ വരെ നടത്തുന്നതാണ് അമേരിക്കന്‍ നഗരങ്ങളുടെ പതിവ്. കൈലാസയുടെ ആസൂത്രിത അജണ്ടയും അമേരിക്കന്‍ നഗരങ്ങളില്‍ വിജയിച്ചതും ഈ ഉദാരമനസ്കതയാലാണ്. ഐക്യരാഷ്ട്രസഭ ‘അംഗീകാരം’ നല്‍കി വളര്‍ന്നുവരുന്ന ഒരു ചെറു രാജ്യത്തിനുള്ള സഹായം എന്ന നിലയ്ക്കായിരുന്നു ഈ കരാര്‍ ഒപ്പിടല്‍ എല്ലാം. അമേരിക്കന്‍ നഗരങ്ങള്‍ തങ്ങളുടെ ‘രാജ്യത്തിന്റെ’ സഹോദരി സ്ഥാപനങ്ങളായി എന്ന വാര്‍ത്ത കരാറുകളുടെ പകര്‍പ്പ് സഹിതം സമൂഹമാധ്യമങ്ങളിലൂടെ വേണ്ടുവോളം പ്രചരിപ്പിക്കുകയും ചെയ്തു. കൈലാസയുടെ ഈ ആഘോഷം ന്യൂയോര്‍ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎന്‍ അംഗീകരിച്ച ജൂണ്‍ മാസത്തിലെ യോഗാദിനത്തിന് വിഭിന്നമായി ജനുവരിയില്‍ വിവിധ ആശയങ്ങളില്‍ ‘യോഗത്തോണ്‍’ എന്ന പേരില്‍ പ്രത്യേക പരിപാടി, പൊലീസിന്റെയും അഗ്നിശമനസേനാ വിഭാഗത്തിന്റെയും സഹകരണത്തോടെ രക്ഷാബന്ധന്‍ ഉത്സവം, ഹിന്ദു പൈതൃകമാസം പ്രചരിപ്പിക്കല്‍ എന്നിവയെല്ലാം പാലിക്കാന്‍ കരാര്‍ പ്രകാരം ഈ നഗരങ്ങള്‍ ബാധ്യസ്ഥരായി. നെര്‍വാക് ഉള്‍പ്പെടെ കരാര്‍ ഒപ്പുവച്ച നഗരങ്ങളില്‍ നിത്യാനന്ദയുടെ പ്രതിനിധികളെന്ന പേരില്‍ സന്ന്യാസിമാര്‍ വിഹരിക്കുകയാണ്. സൂര്യനെ നിയന്ത്രിക്കാന്‍ നിത്യാനന്ദയ്ക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാന്‍ സാധിക്കുമെന്നുമൊക്കെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. വമ്പന്മാരെയും ഭരണാധികാരികളെയും പങ്കെടുപ്പിച്ച് ഇതിനകം എച്ച്എസ്എസിന്റെ നേതൃത്വത്തില്‍ നാല് യോഗത്തോണുകള്‍ നടന്നെന്നും അതിലൂടെ 439 പ്രഖ്യാപനങ്ങള്‍ ‘കൈലാസ സഹോദരി നഗരങ്ങള്‍‘ക്ക് നടത്തിയെന്നും ദ നേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നിന്റെയും പശ്ചാത്തല പരിശോധന നടത്താതെയാണത്രെ അംഗീകാരം നല്‍കി എച്ച്എസ്എസിനും കൈലാസത്തിനും വേണ്ടി പ്രഖ്യാപിച്ചത്.

ഇതിന്റെ പേരില്‍ പല നഗരങ്ങളിലും വന്‍ അഴിമതി നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കാലിഫോർണിയ സാക്രമെന്റോ കൗണ്ടിയിലെ ഫോള്‍സോം നഗരത്തില്‍ കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന എച്ച്എസ്എസിന്റെ ‘ഹെല്‍ത്ത് ഫോര്‍ ഹ്യുമാനിറ്റി യോഗത്തോണി‘ല്‍ നടന്ന പ്രഖ്യാപനം വന്‍ വിവാദത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്. 164 നഗരങ്ങളിലായി 235ലധികം ശാഖകളുള്ള ലാഭേച്ഛയില്ലാത്ത ഒരു സംഘടനയാണ് എച്ച്എസ്എസ് എന്ന പ്രഖ്യാപനമാണ് വിവാദമായിരിക്കുന്നത്. പ്രഖ്യാപനത്തിന് മുമ്പ് എച്ച്എസ്എസിനെക്കുറിച്ച് അന്വേഷിക്കാനോ വിലയിരുത്താനോ മുതിര്‍ന്നിട്ടില്ലെന്നാണ് ദ നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു നഗരമായ റോസ്‌വില്ലെയെ കൈലാസത്തിന്റെ പ്രധാനകേന്ദ്രമാക്കി ചിത്രീകരിക്കുന്നതിനെതിരെയും ആക്ഷേപങ്ങളുയര്‍ന്നുതുടങ്ങി. നിത്യാനന്ദയുടെ ഫേസ്ബുക്ക് പേജില്‍ ‘സിറ്റി ഓഫ് റോസ്‌വില്ലെ സര്‍ട്ടിഫിക്കറ്റ് ഓഫ് റെക്കഗ്നിഷന്‍’ എന്ന് കൈലാസത്തിനുവേണ്ടി പ്രഖ്യാപിച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്.

അതിനിടെ എച്ച്എസ്എസിനെ വിശ്വസിച്ചവരില്‍ പലരും സംശയത്തോടെ സംഘടനയെ നോക്കിക്കാണുകയും പ്രതിഷേധസ്വരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. ആര്‍എസ്എസിന്റെ അന്താരാഷ്ട്ര ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണ് എച്ച്എസ്എസ് കൈലാസത്തിന്റെ പ്രചാരണവും അംഗീകാരം സ്വീകരിക്കലും എന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നുതുടങ്ങി. ഏറെക്കാലമായി ഒളിവിലുള്ള നിത്യാനന്ദയെ പിടികൂടാനാവാത്തതിന് പിന്നില്‍ ദുരൂഹതയും മണക്കുന്നു. നിത്യാനന്ദയെയോ കൈലാസത്തെയോ കുറിച്ച് അറിവില്ലെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. അന്വേഷണത്തിനും അറസ്റ്റിനും തടസമില്ലെന്നും ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നിത്യാനന്ദയെ പിടികൂടാന്‍ പദ്ധതികളൊരുക്കുന്നില്ലെന്നതാണ് സംശയം. അതിനിടെ കൈലാസത്തിനുവേണ്ടി കരാറുകള്‍ ഒപ്പുവച്ച് നഗരങ്ങള്‍ ഒന്നൊന്നായി പിന്മാറാന്‍ തുടങ്ങിയതാണ് ആര്‍എസ്എസിന് തിരിച്ചടിയാവുക. നെവാര്‍ക് മേയര്‍ റാസ് ബരാക്ക കൈലാസയുടെ പ്രതിനിധിയായി ഒപ്പുവച്ച കരാറാണ് ഇതിനകം ഔദ്യോഗികമായി റദ്ദാക്കപ്പെട്ടിട്ടുള്ളൂ. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന തരത്തില്‍ പരാതി നല്‍കാന്‍ മേയറുടെ മേല്‍ സമ്മര്‍ദ്ദവും ഏറിത്തുടങ്ങി. എച്ച്എസ്എസിനും കൈലാസത്തിനും നിത്യാനന്ദയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് ആര്‍എസ്എസിനെയാവും പിടിച്ചുലയ്ക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ പ്രഭാവത്തെയും ഇത് തകര്‍ത്തേക്കാം.

Eng­lish Sam­mury: RSS is prepar­ing for a trap in America 

Exit mobile version