കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളുമായി സംഘപരിവാർ പ്രവർത്തകർ. ഇസ്ലാം മതം സ്വീകരിച്ചതായി മാതൃഭൂമി ഓൺലൈനിന്റെ ലോഗോ വെച്ചാണ് വ്യാജ പ്രചരണം. ഒരു സാഹിത്യ ക്യാമ്പിൽ മഹാഭാരതത്തെയം രാമായണത്തെയും കുറിച്ച് സാഹിത്യ കൃതിയെന്ന നിലയിൽ അവലോകനം ചെയ്ത് നടത്തിയ പ്രഭാഷണം ദുർവ്യാഖ്യാനം ചെയ്താണ് വർഗീയ ശക്തികൾ കുപ്രചാരണം നടത്തുന്നതെന്ന് ആലങ്കോട് ലീലാകൃഷ്ണനും യുവകലാസാഹിതി ജനറൽ സെക്രട്ടറി ഡോ. ഒ കെ മുരളീകൃഷ്ണനും വ്യക്തമാക്കി.
ആലങ്കോടിന്റെ പ്രഭാഷണം ഉദാഹരിച്ച് അദ്ദേഹത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ വിദ്വേഷ പ്രചാരണം ആരംഭിച്ചിരുന്നു. മതേതര ജീവിതം നയിക്കുന്ന ഒരാളെന്ന നിലയിൽ ചില വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന സ്വതന്ത്രമായ അഭിപ്രായങ്ങൾ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചുമാണ് കള്ള പ്രചരണം. ആലങ്കോട് ഹിന്ദു വിരോധിയാണെന്നും മുസ്ലീം സംഘടനകൾക്ക് വേണ്ടി ഹിന്ദു മതത്തെ അവഹേളിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നുമായിരുന്നു പ്രചാരണങ്ങൾ. ഇതിന് പിന്നാലെയാണ് ആലങ്കോട് ലീലാകൃഷ്ണൻ ഇസ്ലാം മതം സ്വീകരിച്ചെന്ന രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ആരംഭിച്ചത്.
വ്യാജപ്രചരണങ്ങളിൽ യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരേ പൊലീസ് നിയമനടപടിയെടുക്കണം. ഒരു സാഹിത്യക്യാമ്പിൽ മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് സാഹിത്യകൃതി എന്ന നിലയിൽ അവലോകനംചെയ്ത് നടത്തിയ പ്രഭാഷണം ദുർവ്യാഖ്യാനം ചെയ്താണ് വർഗീയശക്തികൾ കുപ്രചരണം നടത്തുന്നത്. എന്നാൽ പ്രസംഗത്തിന്റെ മുഴുവൻഭാഗവും പങ്കുവെക്കാനുള്ള സത്യസന്ധത ഇവർ കാണിക്കുന്നില്ല. സമൂഹത്തിന്റെ പൊതുസ്വത്തായ ഇതിഹാസങ്ങളെക്കുറിച്ച് സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യംപോലും കേരളത്തിലില്ലെന്ന അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരമൊരു വാർത്തയോ പോസ്റ്ററോ മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് മാതൃഭൂമി അധികൃതർ വ്യക്തമാക്കി. ഇത് തയ്യാറാക്കിയവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും സ്ഥാപനം അറിയിച്ചു.
സംസ്ഥാനത്ത് നേരത്തെ എഴുത്തുകാരായ എം ടി വാസുദേവൻ നായർ, കവി കെ സച്ചിദാനന്ദൻ, എഴുത്തുകാരൻ കെ പി രാമനുണ്ണി തുടങ്ങി നിരവധി പേർക്കെതിരെ സമാനമായ രീതിയിൽ സംഘപരിവാരം വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ബൗണ്ടറി എന്ന നാടകം സംവിധാനം ചെയ്തതിന്റെ പേരിൽ നാടക പ്രവർത്തകൻ റഫീഖ് മംഗലശ്ശേരിക്കെതിരെയും സംഘപരിവാർ രംഗത്ത് വന്നിരുന്നു. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന് എഴുത്ത് നിർത്തേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.
English Summary: fake news about Alankode Leelakrishnan; yuvakalasahithi that a case should be filed
You may also like this video
You may also like this video