Site iconSite icon Janayugom Online

താക്കോല്‍ദ്വാരവും ആകാശവും

അന്യനെ അപകീര്‍ത്തിപ്പെടുത്തിയാല്‍ എന്തു കിട്ടും? അധികാരത്തിലേറാനുള്ള കുറുക്കുവഴി തെളിഞ്ഞുകിട്ടുമെന്നാണ് ചിലരുടെ ധാരണ. അപവാദഭാഷ ചമച്ച് ആക്ഷേപചിത്രങ്ങള്‍ വരച്ച്, നുണക്കഥകള്‍ മെനഞ്ഞ്, ഒരാളെ തരംതാഴ്ത്താന്‍ ഒട്ടും മടിയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം പ്രബലമായതെങ്ങനെ? മതങ്ങള്‍ക്കും ജാതികള്‍ക്കും കക്ഷിരാഷ്ട്രീയത്തിനുമിടയില്‍ വിധ്വംസക പ്രവര്‍ത്തനം നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ചില വിഭാഗങ്ങളുണ്ട്. അവരുടെ മാധ്യമ ലോബികള്‍ സംഘര്‍ഷമുണ്ടാക്കാന്‍ നിരന്തരം പ്രയത്നിക്കുന്നു. ഏറ്റവും ശാന്തമായും ശുദ്ധമായും സത്യസന്ധമായും സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നവരെപ്പോലും വെറുതെവിടാന്‍ അവര്‍ തയ്യാറല്ല. മതാതീതമായ മനുഷ്യസ്നേഹത്തിന്റെ വക്താവായി ഏതു പൊതുവേദിയെയും സര്‍ഗാത്മകമാക്കുന്ന ആലങ്കോട് ലീലാകൃഷ്ണനെതിരെ അടുത്തദിവസങ്ങളില്‍ പ്രചരിക്കുന്ന കള്ളക്കഥകള്‍ വേദനാജനകമാണ്. പ്രതിഷേധാര്‍ഹമാണ്. ഒരാളുടെ നിലപാടുകളോ ആശയങ്ങളോ നിക്ഷിപ്തതാല്പര്യക്കാര്‍ക്ക് സ്വീകാര്യമാവണമെന്നില്ല.

ആശയ സംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍ നിന്നകന്ന്, ആത്മഹിംസയുടെ പല്ലും നഖവും പുറത്തുകാണിക്കുന്ന ക്രൂരതയോട് സന്ധിചെയ്യാനാവില്ല. കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നതുപോലെ നീചമാണ്, നന്മ നിറഞ്ഞ വാക്കുകളെ മലീമസമായി ചിത്രീകരിക്കുന്നത്. ആരോടെങ്കിലും ശത്രുത പുലര്‍ത്തുന്ന വ്യക്തിയല്ല കവിയും സാംസ്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ലീലാകൃഷ്ണന്‍. ഏത് സദസിനോടും സൗമ്യമായി സംവദിക്കാന്‍ അദ്ദേഹത്തിന് സാമര്‍ത്ഥ്യമുണ്ട്. ഒഴുക്കും ഓജസുമുള്ള മാതൃഭാഷയുടെ തായ്‌വേര് ആ മനസില്‍ പടര്‍ന്നുറപ്പിച്ചിട്ടുണ്ട്. യുവകലാസാഹിതിയെന്ന കലാസാംസ്കാരിക പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ ലീലാകൃഷ്ണനെ ശത്രുപക്ഷത്ത് നിര്‍ത്തണമെന്നാഗ്രഹിക്കുന്നവരുണ്ടാകാം.


ഇതുകൂടി വായിക്കൂ:ഹൃദ്രോഗവും മാനസികരോഗമാണ്


അവരുടെ ദുഷിച്ച ലക്ഷ്യത്തിനു മുന്നില്‍ അപമാനിതനാകാന്‍ പ്രിയസ്നേഹിതനെ വിട്ടുകൊടുക്കാന്‍ മനസില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് താക്കോല്‍ദ്വാരം മതിയെന്ന് ചിലര്‍ തീരുമാനിച്ചാല്‍ ആകാശം ചൂണ്ടിത്തരാന്‍ കഴിയുന്ന മറ്റു ചിലരുണ്ടെന്ന് തെളിയിച്ചേ പറ്റു. അല്ലെങ്കില്‍ സാംസ്കാരിക പ്രവര്‍ത്തനം പോലും അടിമത്തൊഴിലാകും. അനിഷ്ടങ്ങളോട് പ്രതികരിക്കാന്‍ ആക്ഷേപഭാഷ ആവശ്യമില്ല. കാലത്തെ പ്രകാശമാനമാക്കുന്ന കാവ്യഭാഷയുടെ ചരിത്രബലം അതു തെളിയിച്ചിട്ടുണ്ടല്ലോ. സര്‍ഗധന്യമായ മനസുകളെ സ്വതന്ത്രമാക്കുന്നതാണ് മാനവികതയുടെ രാഷ്ട്രീയബോധത്തെ വിശാലമാക്കുന്നതെന്ന് മറക്കാതിരിക്കുക.

Exit mobile version