20 May 2024, Monday

ഹൃദ്രോഗവും മാനസികരോഗമാണ്

ദേവിക
വാതിൽപ്പഴുതിലൂടെ
February 5, 2024 4:15 am

ഹൃദ്രോഗവും മാനസികരോഗവുമാണ് ഇപ്പോള്‍ ഏറ്റവും വലിയ രക്ഷാമാര്‍ഗങ്ങള്‍ എന്ന കൗതുകകരമായ അന്തരീക്ഷ സൃഷ്ടിയുണ്ടായിരിക്കുന്നു. ഏതാനും ദിവസം മുമ്പ് ഒരു പയ്യന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. പൊലീസുകാര്‍ക്കും എസ്ഐ ഏമാനും ഒരു നിസംഗഭാവം. പയ്യന്റെ ശാന്തശീലം രോഷമായി വളരുന്നു. പിന്നെയെങ്ങോ തീ പാറുന്ന ഇടിമുഴക്കം. ഏമാന്റെ തൊപ്പി ആകാശത്തു കറങ്ങി. പയ്യന്‍ എസ്ഐയുടെ പോക്കറ്റും വലിച്ചുകീറി ബാഡ്ജ് ഊരി മുറ്റത്തെറിഞ്ഞു. ഏമാനെ രക്ഷിക്കാന്‍ വന്ന പൊലീസുകാരെ തല്ലി ഇ‍ഞ്ചപ്പരുവമാക്കി. പയ്യന്‍ കൂളായി സ്റ്റേഷന്‍‍ കാലിയാക്കി. മാധ്യമ പ്രവര്‍ത്തകര്‍ വന്ന് വിവരം ആരാഞ്ഞപ്പോള്‍ നിലത്തു കിടക്കുന്ന പൊലീസുകാര്‍ പ്രതികരിച്ചു; പയ്യന് മാനസിക വിഭ്രാന്തിയായിരുന്നു! നാണക്കേടല്ലേ ഒരു പയ്യന്‍ ഒറ്റയ്ക്ക് വന്ന് ഒരു സ്റ്റേഷനിലുള്ളവരെയെല്ലാം തല്ലിച്ചതച്ചെന്നു പറയുന്നത്. അതുകൊണ്ട് അവനെ മാനസികരോഗിയെന്ന ചാപ്പകുത്തി നാണം മറയ്ക്കാം. മറ്റൊരു സംഭവം ലോക്കപ്പ് മര്‍ദനത്തിനിടെ തടവുപുള്ളി മരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ അതു ഹൃദ്രോഗമായി. പൊലീസുകാരെയും ലോക്കപ്പുമൊക്കെ കണ്ടപ്പോള്‍ അയാള്‍ മാനസിക സമ്മര്‍ദത്തിലായെന്നും അതു ഹൃദ്രോഗമായി വളരുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.


ഇതുകൂടി വായിക്കൂ;   ഇണ്ടം‍തുരുത്തിമനയെ മറക്കരുത്


നില്ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ ആനയ്ക്കും മാനസിക രോഗവും ഹൃദ്രോഗവുമുണ്ടാകുമെന്നാണ് കര്‍ണാടക‑കേരള വനം വകുപ്പിലെ വെടിവിചക്ഷണന്മാരുടെ കണ്ടുപിടിത്തം. വയനാട്ടിലെത്തിയ തണ്ണീര്‍ക്കൊമ്പന്‍ എന്ന കാട്ടാനയെ നടപടിച്ചട്ടങ്ങള്‍ ലംഘിച്ചു മയക്കുവെടിവച്ചു കൊന്നശേഷം മരണകാരണമായി എന്തെല്ലാം വ്യാഖ്യാനങ്ങള്‍. തന്റെ സമീപം ആള്‍ക്കൂട്ടത്തെക്കണ്ടപ്പോള്‍ ആനയ്ക്ക് മാനസിക സമ്മര്‍ദമേറിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയ്ക്ക് രോമാഞ്ചവും മാനസിക സംഘര്‍ഷവുമുണ്ടാകുമെന്ന് കേള്‍ക്കുന്നത് ഭൂമിമലയാളത്തില്‍ ഇതാദ്യമാണ്. മാനസിക സമ്മര്‍ദം മൂര്‍ച്ഛിച്ചപ്പോള്‍ ആനയുടെ ഹൃദയത്തില്‍ രക്തം കട്ടപിടിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്രേ. തണ്ണീര്‍ക്കൊമ്പന്‍ മാനസിക രോഗിയുമായിരുന്നുവെന്ന് മറ്റൊരു കണ്ടെത്തല്‍. വാഴത്തോട്ടത്തിലെ ഒരു വാഴനാമ്പുപോലും തൊട്ടില്ല എന്നതു തന്നെ തെളിവ്! മനുഷ്യരെ ആക്രമിക്കാതെ മാനസിക സമ്മര്‍ദവും ഹൃദ്രോഗവും ഏറ്റുവാങ്ങിയത് മരപ്പൊട്ടനായി മാറിയ ആനയുടെ സഹനശക്തിക്ക് തെളിവ്. തോട്ടങ്ങളില്‍ മദിച്ചുനടന്ന കാട്ടാനയുടെ ദേഹമാസകലം ചെറുവെടികള്‍. അവയും മരണകാരണമായേക്കാം. ആനകളെ തുരത്താന്‍ ജീവഹാനി വരാതെ ഉപയോഗിക്കുന്ന ചെറുപെല്ലറ്റുകള്‍‍ മരണകാരണമാകുമെന്ന് കേള്‍ക്കുന്നതും ഇതാദ്യം. കൊമ്പന്‍ വയനാട്ടിലെത്തിയത് ആത്മഹത്യ ചെയ്യാനായിരുന്നുവെന്നു മാത്രം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. ആനയല്ലേ അവന് തന്റെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാനാവില്ലല്ലോ.


ഇതുകൂടി വായിക്കൂ;   കപ്പിത്താനില്ലാതെ ആടിയുലയുന്ന കപ്പൽ


ഒരു മണിക്കൂറിനുള്ളില്‍ ഒരാളിന് രാജ്യത്ത് എത്ര കള്ളങ്ങള്‍ പറയാം. ഗിന്നസ് ബുക്കില്‍ അത്തരമൊരു റെക്കോഡ് ഇല്ലെന്നാണറിവ്. എന്നാല്‍ അത്തരം ഒരു റെക്കോഡും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ പറഞ്ഞുപോയത് സാഹിത്യ അക്കാദമി വയലാറിനൊപ്പം വളരാന്‍ ശ്രമിക്കുന്ന ശ്രീകുമാരന്‍ തമ്പിയെക്കൊണ്ട് കേരള ഗാനം എഴുതിപ്പിക്കാന്‍ നടത്തിയ ശ്രമം ഒരു വിവാദകൊടുങ്കാറ്റായി വളരുന്നതിനിടെയാണ്. വെള്ളായണി അര്‍ജുനന്‍ പണ്ടെഴുതിയ ‘ജയജയ കേരള ജനനീ, ജയജയ കേരള കോമളധരണീ, മയിലുകളുണ്ടെന്‍ മലനാട്ടില്,‍ കുയിലുകളുണ്ടെന്‍ മലനാട്ടില്‍’ എന്ന കേരള ഗാനമായിരുന്നു ഏറെക്കാലം മലയാളിയുടെ നാവേല്‍പ്പാട്ടായിരുന്നത്. ആ ഗാനം കേരളം മറന്നുവെന്നും കേരളം മാറുന്നുവെന്നും ഒരു ഉള്‍വിളി തോന്നിയപ്പോഴാണ് ശ്രീകുമാരന്‍ തമ്പിയെക്കൊണ്ട് ഒരു കവിതയെഴുതാന്‍ നിര്‍ദേശിച്ചത്. പക്ഷേ എഴുതിക്കിട്ടിയ കവിതയില്‍ മലയാള ഭാഷതന്‍ മാദകഭംഗിയും മാധുര്യവുമെല്ലാമുണ്ട്. ഇതെന്ത് കവിതയെന്നായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍. ഒന്നിനും കൊള്ളാത്ത പൊട്ടക്കവിതയായതുകൊണ്ട് തമ്പിയുടെ കവിത നിരാകരിച്ചുവെന്ന് ഒരുത്തരവും പണ്ഡിതവര്യയായ ഡോ. എം ലീലാവതി അധ്യക്ഷയായ പരിശോധനാ സമിതിയാണ് കവിത നിരാകരിച്ചതെന്ന വിശദീകരണവും. ഒരു മണിക്കൂര്‍ കഴിയും മുമ്പേ ഡോ. ലീലാവതി തിരിച്ചടിക്കുന്നു, താന്‍ തമ്പിയുടെ കവിത കണ്ടിട്ടുപോലുമില്ലെന്ന്. തമ്പിയുമായി നേരിട്ട് സംസാരിച്ചു പ്രശ്നം തീര്‍ക്കുമെന്ന് സാംസ്കാരിക മന്ത്രി പറയുന്നു. മാത്രമല്ല കേരളഗാനം ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ആണയിടുന്നു. പക്ഷേ അടുത്ത നിമിഷം തന്നെ സച്ചിദാനന്ദന്റെ എഴുന്നള്ളത്ത്. ഹരിനാരായണന്റെ കവിതയായിരിക്കും കേരള ഗാനമെന്ന്. ഇതെല്ലാം കേട്ടവര്‍ സച്ചിദാനന്ദനെ ഉപദേശിക്കുന്നു. സര്‍ക്കാരിനോടു കളിച്ചാല്‍ കസേര തെറിക്കുമെന്ന്. ഉടന്‍ ഒരു തിരുത്തല്‍. തമ്പിയുടെ കവിത നിരാകരിച്ചിട്ടില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.