Site icon Janayugom Online

വ്യാജ കണക്ക്: ജിഡിപി വളര്‍ച്ച തട്ടിപ്പെന്ന് സാമ്പത്തിക വിദഗ്ധന്‍

രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉല്പാദന വളര്‍ച്ച (ജിഡിപി)യില്‍ കേന്ദ്ര സര്‍ക്കാര്‍ തിരിമാറി നടത്തിയെന്ന് ആരോപണം. യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് മറച്ച് വെച്ച് പെരുപ്പിച്ച കാട്ടിയ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടതെന്ന് സാമ്പത്തിക വിദഗ്ധനായ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ അശോക് മോഡി വിലയിരുത്തുന്നു.
2023- 24 ആദ്യ മൂന്നുമാസത്തെ ത്രൈമാസ കണക്കില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

4.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ച സ്ഥാനത്ത് 7.8 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന പ്രഖ്യാപനം കണക്കുകള്‍ മൂടിവെച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിഡിപി വളര്‍ച്ച സംബന്ധിച്ച പ്രോജക്റ്റ് സിന്‍ഡിക്കേറ്റ് എന്ന ലേഖനത്തിലാണ് മോഡി സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പ് കൂടി അനാവരണം ചെയ്യപ്പെടുന്നത്.
നാഷണല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫിസ് യഥാര്‍ത്ഥ കണക്കുകള്‍ മറച്ച് വച്ചാണ് ആഭ്യന്തര മൊത്ത ഉല്പാദനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഭ്യന്തര വരുമാനത്തിന്റെ മൂല്യനിര്‍ണയം മാത്രമാണ് ജിഡിപി വളര്‍ച്ചയുടെ തോത് ആയി പരിഗണിച്ചത്. എന്നാല്‍ ചെലവിന്റെ തുക മനപ്പൂര്‍വം വളര്‍ച്ച നിരക്കിന്റെ ഭാഗമായി കണക്ക് കൂട്ടിയിട്ടില്ല. ഉല്പന്നങ്ങളില്‍ നിന്നും സേവനങ്ങള്‍ നല്‍കിയ വകയിലും വകയിരുത്തേണ്ട ആഭ്യന്തര വരുമാനം മാത്രം അടിസ്ഥാനമാക്കി ജിഡിപി വളര്‍ച്ച നിരക്ക് തുലനം ചെയ്യാനാവില്ല. ഉല്പന്നം വാങ്ങാന്‍ ഇന്ത്യാക്കാരും വിദേശികളും ചെലവാക്കുന്ന തുകയും ജിഡിപി വളര്‍ച്ചയുടെ കണക്കില്‍പ്പെടുത്തണം.

വരുമാനവും ചെലവും തമ്മിലുള്ള തുല്യത അടിസ്ഥാനമാക്കിയാണ് ജിഡിപി വളര്‍ച്ച വിലയിരുത്തേണ്ടത്. എന്നാല്‍ ചെലവിന്റെ കണക്ക് സംബന്ധിച്ച് അവ്യക്തമായ വിവരമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. വരുമാനവും ചെലവും തമ്മിലുള്ള വിടവ് മാക്രോ ഇക്കണോമിക്സ് അനുസരിച്ച് സംഗ്രഹിക്കുമ്പോള്‍ മാത്രമാണ് യഥര്‍ത്ഥ വളര്‍ച്ച നിരക്ക് കണ്ടെത്താന്‍ സാധിക്കുന്നത്. എന്നാല്‍ ചെലവിന്റെ കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

ഊതിപ്പെരുപ്പിച്ച പ്രഖ്യാപനങ്ങളും കള്ളക്കണക്കുകളും നിരത്തി ഭരണ നേട്ടം ആഘോഷിക്കുന്ന മോഡി സര്‍ക്കാരിന്റെ മറ്റൊരു പൊയ്മുഖം കൂടിയാണ് അഴിഞ്ഞുവീഴുന്നത്. എന്നാല്‍ അശോക് മോഡിയുടെ വാദം തള്ളി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ രംഗത്ത് വന്നു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വളര്‍ച്ച നിരക്ക് സംബന്ധിച്ച കണക്കുകള്‍ പ്രഖ്യപിച്ചിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Eng­lish summary;Fake num­bers: Econ­o­mist calls GDP growth a hoax

you may also like this video;

Exit mobile version