ഇടുക്കി ജില്ലയിൽ വ്യാജ പട്ടയങ്ങൾ നൽകിയതിൽ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പങ്കിനെപ്പറ്റി അന്വേഷിക്കാൻ ഐ ജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ഇടുക്കി മുൻ കളക്ടറും സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറുമായ എച്ച് ദിനേശൻ, ഇടുക്കി നർക്കോട്ടിക് സെൽ ഡി വൈ എസ് പി പയസ് ജോർജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. കൂടുതൽ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താനും അനുമതി നൽകി.
മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയ്ക്കായി കളക്ടറുടെ അധികാരമുള്ള പ്രത്യേക ഓഫീസറെ നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ വീണ്ടും സമയം തേടി. മൂന്നാർ മേഖലയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സ്പെഷ്യൽ തഹസിൽദാരെ നേരത്തെ നിയമിച്ചിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകാനുള്ള അധികാരമില്ലെന്ന് അമിക്കസ് ക്യൂറിമാർ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി സർക്കാരിന്റെ നിലപാട് തേടി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം അടുത്ത ദിവസം വീണ്ടും പരിഗണിക്കും.
English Summary: Fake passport in Idukki: IG Sethuraman to investigate
You may also like this video