Site icon Janayugom Online

വ്യാജ ഫാര്‍മസിസ്റ്റ് രജിസ്‌ട്രേഷൻ; മൂന്നുപേരെ കണ്ടെത്തി കൂടുതൽ വ്യാജന്മാരെന്നു സംശയം

സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി ഫാര്‍മസിസ്റ്റ് രജിസ്‌ട്രേഷനെടുക്കുന്ന സംഘം നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഫാര്‍മസി കോളജുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ വഴി രജിസ്‌ട്രേഷന്‍ നടത്തിയാണ് തട്ടിപ്പ്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി രജിസ്‌ട്രേഷന്‍ നടത്തിയ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിഫാം സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായ പരിശോധിക്കാനൊരുങ്ങുകയാണ് ഫാര്‍മസി കൗണ്‍സില്‍.

നവാസ് കെസി, എല്‍ദോസ് എ.എസ്, മുഹമ്മദ് ജലാല്‍ എന്നിവര്‍ ഫസ്റ്റ് ക്ലാസില്‍ പാസ്സായ ബി ഫാം സര്‍ട്ടിഫിക്കറ്റുകളാണ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ കാരണമായത്. മുഹമ്മദ് ജലാല്‍ രാജസ്ഥാനിലെ സണ്‍റൈസ് സര്‍വ്വകലാശാലയില്‍ നിന്നും എല്‍ദോസും അബ്ദുള്‍ റഹ്മാനും ബിഹാറിലെ മഗധ സര്‍വ്വകലാശാലയില്‍ നിന്നും ബിഫാം പാസ്സായെന്നാണ് സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്.

2020–21 കാലത്താണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നത്. നവാസ് വിദേശ സ്ഥാപനത്തില്‍ ജോലിക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സര്‍ട്ടഫിക്കറ്റ് വ്യാജമാണോയെന്ന് കൗണ്‍സിനോട് സംശയമുന്നയിച്ചത് ദുബായിലെ ഡേറ്റാ ഫ്‌ളോയെന്ന സര്‍ട്ടിഫിക്കറ്റ് വെരിക്കേഷന്‍ സ്ഥാപനമാണ്. തുടര്‍ന്ന് ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി സണ്‍റൈസ് സര്‍വ്വകലാശാലയിലേക്ക് അയച്ചപ്പോള്‍ അങ്ങിനെ ഒരാള്‍ പഠിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. അതോടെ തട്ടി പ്പാണെന്ന വിവരം കൗണ്‍സിലിനും വ്യക്തമായി.

സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ ബിഫാം സര്‍ട്ടിഫിക്കറ്റുകള്‍ അതാത് സര്‍വ്വകലാശാല വഴി കൗണ്‍സില്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് എല്‍ദോസും മുഹമ്മദ് ജലാലും സമര്‍പ്പിച്ചത് വ്യാജസര്‍ട്ടിഫിക്കാറ്റാണെന്ന് തെളിഞ്ഞത്. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്ഥാപനങ്ങളുടെ പേരിലെത്തിയ സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ ഒരു പരിശോധനയും കൂടാതെ രജിസ്‌ട്രേഷന്‍ നല്‍കുന്ന കൗണ്‍സിലിന്റെ രീതിയും തട്ടിപ്പിന് കാരണമാകുകയായിരുന്നു.

എല്‍ദോസിന്റെയും ജലാലിന്റെയും നവാസിന്റയും രജിസ്‌ട്രേഷന്‍ റദ്ദാക്കി. കൗണ്‍സിലിന്റെ പരാതിയില്‍ മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇനിയും എത്രപേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്ന അന്വേഷണത്തിലാണ് ഫാര്‍മസി കൗണ്‍സില്‍. ഇങ്ങിനെ വ്യാജമായി രജിസ്‌ട്രേഷന്‍ നേടിയ പലരും ഫാര്‍മസിസ്റ്റായി സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നുമുണ്ടാകാമെന്നാണ് സംശയം.

ENGLISH SUMMARY:Fake phar­ma­cist reg­is­tra­tion; three found and sus­pect­ed to be more fake
You may also like this video

Exit mobile version