നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻസിടിഇ) മാനദണ്ഡം പാലിക്കാതെയുള്ള പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സിന് അംഗീകാരം നൽകേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ഈ രംഗത്തെ കള്ളനാണയങ്ങൾക്കു തിരിച്ചടി.
കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഇത്തരം സ്ഥാപനങ്ങൾ വഴി കബളിപ്പിക്കപ്പെട്ടത്. ഇത്തരം കോഴ്സുകൾക്കെതിരെ 2012 മുതൽ ജനയുഗം നിരന്തരം വാർത്ത നൽകിയിരുന്നു. സ്കൂളുകളിൽ പിടിഎ നേതൃത്വത്തിലുള്ള പ്രീ-പ്രൈമറി തുടങ്ങിയതോടെയാണ് ഇത്തരം സംഘങ്ങൾ ചാകര തേടിയിറങ്ങിയത്.
ആറുമാസം മുതൽ ഒരു വർഷം വരെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ കോഴ്സ് കാലാവധി. ക്ലാസിൽ വരാതെ വീട്ടിൽ ഇരുന്നും പഠിക്കാമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു. എല്ലാവർക്കും ഫസ്റ്റ് ക്ലാസും ലഭിക്കും. എസ്എസ്എൽസിയാണ് ഇവരുടെ കോഴ്സിന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. സ്വകാര്യ സ്ഥാപനങ്ങൾ 18,000 മുതൽ 25,000 രൂപ വരെ ഫീസ് വാങ്ങുന്നുമുണ്ട്.
സർക്കാർ അംഗീകാരമുള്ള കോഴ്സിന്റെ കാലാവധി 2005 മുതൽ രണ്ടുവർഷമാണ്. പ്ലസ് ടു 45 ശതമാനം മാർക്കോടെ വിജയമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് മാർക്കു മാനദണ്ഡമില്ല. വളരെ സങ്കീർണവും ശാസ്ത്രീയവുമായ പരിശീലന പദ്ധതികളാണ് രണ്ടുവർഷം നീളുന്ന സർക്കാർ കോഴ്സിൽ ഉള്ളത്. 19 സർക്കാർ അംഗീകൃത സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഗവ. പിപിടിടിഐ തിരുവനന്തപുരം, ഗവ. പിപിടിടിഐ കോഴിക്കോട്, ഗവ. പിപിടിടിഐ ആലപ്പുഴ എന്നിവ സർക്കാർ മേഖലയിലും 16 എണ്ണം സ്വാശ്രയ മേഖലയിലും പ്രവർത്തിക്കുന്നു.
ഭാരത് സേവക് സമാജ്, ജന ശിക്ഷൺ സൻസ്ഥാൻ, ചൈൽഡ് വെൽഫെയർ സൊസൈറ്റി, നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ, ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ, കേരള എജ്യുക്കേഷൻ സെന്റർ തുടങ്ങി 341 സ്ഥാപനങ്ങൾ എൻസിടിഇ മാനദണ്ഡം അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ഇതിൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും ഉൾപ്പെടുന്നുണ്ട്.
English Summary: Fake pre-primary teacher courses will not be approved
You may like this video also