ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ കാലത്ത് സൈബർ തട്ടിപ്പിന്റെ പുതിയ രീതികളെ കരുതിയിരിക്കണമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശിയുടെ നാൽപതിനായിരം രൂപ തട്ടിയെടുത്തത്.
എഐ ഡീപ്‌ഫേയ്ക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്ത് വിളിക്കുന്നതായുള്ള വീഡിയോയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന ആന്ധ്രയിലെ സ്ഥാപനത്തിലെ സുഹൃത്തെന്ന് പറഞ്ഞ് ആദ്യം വാട്സ് ആപ്പിൽ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംശയം തോന്നിയതിനാൽ പണം അയച്ചുകൊടുത്തില്ല. എന്നാൽ അടുത്ത നിമിഷം തന്നെ സുഹൃത്തിന്റെ രൂപത്തിൽ വീഡിയോ കോൾ വരികയായിരുന്നു. ഇത് പുതിയ നമ്പറാണെന്ന് പറഞ്ഞാണ് കോളെത്തിയത്. സുഖവിവരങ്ങൾ അന്വേഷിച്ചതിന് ശേഷം അത്യാവശ്യമായി കുറച്ച് പണം ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. സുഹൃത്ത് തന്നെയാണെന്ന് ഉറപ്പിച്ച് ഓൺലൈൻ വഴി 40000 രൂപ അയച്ചുകൊടുത്തു. ഇതിന് ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് ഫോൺ വന്നതോടെ സംശയം തോന്നി. കയ്യിലുണ്ടായിരുന്ന ആന്ധ്ര സ്വദേശിയുടെ പഴയ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇങ്ങനെയൊരു കോളിനെപ്പറ്റി ആന്ധ്രയിലെ സുഹൃത്ത് അറിഞ്ഞിട്ടുപോലുമില്ലായിരുന്നു.
നിർമ്മിത ബുദ്ധിയിലൂടെ സുഹൃത്തിന്റെ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടായിരുന്നു തട്ടിപ്പ് നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പലയിടങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ആദ്യകേസാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നുണ്ട്. നമുക്ക് പരിചിതരായ ആളുകളുടെ രൂപവും ശബ്ദവുമായാകും കോളുകൾ എത്തുക എന്നതുകൊണ്ട് തന്നെ പലപ്പോഴും തട്ടിപ്പ് മനസിലാക്കാൻ കഴിയാതെ വരും.
വ്യാജ സേഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടാക്കി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്ന തട്ടിപ്പിന്റെ പുതു രൂപമാണ് വ്യാജ വീഡിയോ കോൾ തട്ടിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡീപ് ഫേയ്ക്ക് വീഡിയോകൾ നിർമ്മിക്കാനാവുന്ന സാങ്കേതിക വിദ്യകൾ ലഭ്യമാണ്. വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ഇല്ലാതെ തന്നെ ഇത്തരം വീഡിയോകൾ നിർമ്മിക്കാൻ സാധിക്കുന്ന ആപ്പുകളും സോഫ്റ്റ്‌വേറുകളും നിലവിലുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിലെ ക്യാമറയിൽ പകർത്തുന്ന ഒരാളുടെ മുഖത്തെ തത്സമയം മറ്റൊരാളാക്കി മാറ്റാൻ സാധിക്കും. മുഖഭാവങ്ങളും ചിരിയും മറ്റ് ശരീരചലനങ്ങളുമെല്ലാം അതേപടി പകർത്തുകയാണ് സാങ്കേതിക വിദ്യ. ഈ സോഫ്റ്റ് വെയറിന്റെ ഔട്ട്പുട്ട് സ്ക്രീനിനെ ഒരു സ്ട്രീമിങ് സോഫ്റ്റ്‌വേർ ഉപയോഗിച്ച് വീഡിയോ കോളിങ് ആപ്പുകളുടെ ക്യാമറ ദൃശ്യമാക്കി മാറ്റാനും സാധിക്കും. ശബ്ദവും ഈ രീതിയിൽ മാറ്റിയെടുക്കാൻ കഴിയും.
വേഗത്തിൽ വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കാനും യഥാർത്ഥമാണോ അല്ലയോ എന്ന് വേർതിരിച്ചറിയാനാകാത്തവിധം അവയെ മികവുള്ളതാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് എളുപ്പം സാധിക്കും. നേരത്തെ ചിത്രങ്ങളിൽ മാത്രമാണ് കൃത്രിമത്വം കാണിച്ചതെങ്കിൽ ഇപ്പോഴത് വീഡിയോകളിലേക്കും എത്തിയിട്ടുണ്ടെന്ന് പുതിയ സംഭവം വ്യക്തമാക്കുന്നു.
english summary; Fake video call scam using AI
you may also like this video;