Site iconSite icon Janayugom Online

വയനാട്ടിലെ വ്യാജ സിപ്പ് ലൈന്‍ അപകടം; എഐ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് സൈബര്‍ പൊലീസ്

വയനാട്ടിലെ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. നവമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ച് ശേഷമാണ് വയനാട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞുമായി യുവതി സിപ്പ് ലൈനിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ ലൈൻ പൊട്ടുന്നതും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് താഴേക്ക് വീഴുന്നതുമായിരുന്നു പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആണെന്ന് പൊലീസ് കണ്ടെത്തി.

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെവിടെയും ഇത്തരത്തിൽ ഒരു അപകടവും നടന്നിട്ടില്ലെന്ന് വയനാട് ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. സിപ്പ് ലൈനിൽ സേഫ്റ്റി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കൂ. എന്നാൽ വീഡിയോയിലുള്ള യുവതിയും കുട്ടിയും ഹെൽമെറ്റ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കാണുന്നത്. കേബിൾ പൊട്ടി വീഴുന്നതായി കാണുന്ന ദൃശ്യങ്ങളിലും ചില അപാകതകൾ പൊലീസ് ശ്രദ്ധിച്ചിട്ടുണ്ട്. വീഡിയോയിലുണ്ടായിരുന്ന ‘wild­eye’ എന്ന വാട്ടർമാർക്ക് പിന്തുടർന്ന് ‘wildeye543’ എന്ന പേരിൽ ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് പൊലീസ് കണ്ടെത്തി. എന്നാൽ, നിലവിൽ വൈറലായ വീഡിയോ ഈ അക്കൗണ്ടിൽ പങ്കുവെച്ചതായി കാണുന്നില്ല. 

Exit mobile version