Site icon Janayugom Online

തുടര്‍ച്ചയായ എട്ടാം മാസവും വിദേശ നിക്ഷേപത്തില്‍ കൊഴിഞ്ഞുപോക്ക്

തുടര്‍ച്ചയായ എട്ടാം മാസവും ഇന്ത്യ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്. മേയ് മാസത്തില്‍ 40,000 കോടിയുടെ ഓഹരികളാണ് നിക്ഷേപകര്‍ വിറ്റഴിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) വിറ്റഴിച്ച ആഭ്യന്തര ഓഹരികളുടെ മൂല്യം 1.69 ലക്ഷം കോടിയായി. കഴിഞ്ഞ മാസം 39,993 കോടിയുടെ നിക്ഷേപങ്ങളാണ് പിന്‍വലിച്ചത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വരുത്തിയ വര്‍ധന, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സെൻട്രൽ ബാങ്കുകളുടെ പണനയം കർശനമാക്കൽ, റഷ്യ‑ഉക്രെയ്ന്‍ പ്രതിസന്ധി, ഉയര്‍ന്ന ക്രൂഡ്ഓയില്‍ വില എന്നിവ കണക്കിലെടുത്താല്‍ പണം പിന്‍വലിക്കല്‍ ഇനിയും തുടരുമെന്നാണ് വിലയിരുത്തല്‍.

എഫ്പിഐ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ തളര്‍ച്ചയുടെ പ്രധാന കാരണം. ആഭ്യന്തരമായി പണപ്പെരുപ്പവും ആര്‍ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ 2.07 ലക്ഷം കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഈ മാസവും ഇതേനില തുടരുമെന്നാണ് വിലയിരുത്തല്‍. ഡോളറും യുഎസ് ബോണ്ടും സ്ഥിരത കൈവരിക്കുന്നതോടെ വിപണിയില്‍ നിന്നും പിന്‍വലിക്കല്‍ കുറഞ്ഞേക്കാം, എന്നാല്‍ യുഎസ് പണപ്പെരുപ്പം ഉയരുകയും ബോണ്ട് ഡോളറിന്റെയും ബോണ്ട് ആദായത്തിന്റെയും വർധനവ് തുടരുകയും ചെയ്താല്‍ ഓഹരി വിറ്റഴിക്കല്‍ തുടരുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ജനുവരിയില്‍ 28,526.30 കോടിയുടേയും ഫെബ്രുവരിയില്‍ 38,068.02 കോടിയുടേയും വിദേശ നിക്ഷേപമാണ് പിന്‍വലിച്ചത്. മാര്‍ച്ചില്‍ മാത്രം 1.65 ലക്ഷം കോടി പിന്‍വലിച്ചു. ഏപ്രിലില്‍ 17,144 കോടിയും പിന്‍വലിച്ചിരുന്നു. ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലും മേയ് മാസത്തില്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചു.

Eng­lish summary;Fall in for­eign invest­ment for the eighth con­sec­u­tive month

You may also like this video;

Exit mobile version