Site iconSite icon Janayugom Online

ഉരുള്‍പൊട്ടല്‍ പുനരധിവാസം; എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് മാനേജ്മെന്റിന്റെ നോട്ടീസ്

മുണ്ടക്കൈ — ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾക്ക് മാനേജ്മെന്റിന്റെ നോട്ടീസ്. എസ്റ്റേറ്റ് ലയങ്ങൾ ഉടൻ ഒഴിയണമെന്ന് കാണിച്ചാണ് തോട്ടം മാനേജ്മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്. ലയങ്ങളിൽ കഴിയുന്ന 15 പേർക്കാണ് നിലവിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ദുരന്ത ബാധിതരുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി സർക്കാർ തലത്തിൽ എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ് ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് അനുവദിക്കപ്പെട്ട ലയങ്ങൾ രണ്ടുദിവസത്തിനുള്ളിൽ കമ്പനിയെ തിരികെ ഏൽപ്പിക്കണം എന്നാണ് നോട്ടീസിൽ ഉള്ളത്.

ഭൂമി ദുരിതാശ്വാസ നിയമപ്രകാരം ഏറ്റെടുക്കുന്നത് പ്രകാരം നഷ്ടപരിഹാരത്തുക ലഭിക്കുന്ന മുറക്ക് തൊഴിലാളികളുടെ ആനുകൂല്യം തന്നു തീർക്കും എന്നും നോട്ടീസിൽ ഉണ്ട്. ഇതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ.
മാനേജ്മെന്റ് നിലപാടിനെതിരെ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിലുള്ള 25 ലയങ്ങളിൽ ഒട്ടേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരിൽ പ്രായമായവരും കുട്ടികളും കിടപ്പിലായവരുമെല്ലാം ഉണ്ട്. മാസങ്ങളായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ തൊഴിലാളികൾ പ്രയാസത്തിലാണ്.
പി എഫ് തുക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും മാനേജ്മെന്റ് പി എഫിലേക്ക് 2014 മുതൽ അടക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് തൊഴിലാളി കുടുംബങ്ങൾ. എസ്റ്റേറ്റിലെ മറ്റ് ഡിവിഷനുകളിലേക്ക് പോകണമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. വർഷങ്ങളായി എസ്റ്റേറ്റിൽ സ്ഥിരതാമസമാക്കിയവരാണ്. അതുകൊണ്ട് തന്നെ മറ്റ് ഡിവിഷനുകളിലേക്ക് മാറുക എന്നത് ഇവരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. 

രണ്ടാമത്തെ ടൗൺഷിപ്പിനായി കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്താൽ തങ്ങളുടെയും തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്ക നെടുമ്പാലയിലെയും തൊഴിലാളികൾ മുന്നോട്ടുവെക്കുന്നുണ്ട്. നോട്ടീസിന്റെ പശ്ചാത്തലത്തില്‍ 23ന് ഞായറാഴ്ച രാവിലെ 11 മണിക്ക് എസ്റ്റേറ്റില്‍ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികളെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്ന കാര്യവും ആലോചനയിലാണ്.
പുനരധിവാസത്തിന് ആരും എതിരല്ല, എന്നാല്‍ തൊഴിലാളികളുടെ ജോലിയും വീടും നഷ്ടപ്പെടാത്ത രീതിയിലാവണം പുനരധിവാസം പ്രാവര്‍ത്തികമാക്കേണ്ടതെന്നും അവര്‍ പറയുന്നു.

Exit mobile version