Site iconSite icon Janayugom Online

ഇരിട്ടി പുതിയ ബസ്റ്റാൻഡില്‍ ഷോപ്പിങ്ങ് കോംപ്ലക്സിലെ കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നു വീഴുന്നത് അപകടഭീഷണിയുയര്‍ത്തുന്നു

പുതിയ ബസ് സ്റ്റാൻഡിൽ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയിലൂടെ ഒന്നു നടന്നു പോകണമെങ്കിൽ തലയിൽ ഹെൽമറ്റ് വെക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മുകളിലെ കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്ന് വീണ് പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് ഹെൽമെറ്റ് വെക്കേണ്ടി വരിക. ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയിൽ മാത്രമല്ല കച്ചവട സ്ഥാപനങ്ങൾക്കുള്ളിലും കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നു നിൽക്കുകയാണ്. പലതും അടർന്നുവീണു. പലരും തലനാഴിരക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം വരെ കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നു വീണിട്ടുണ്ട്.

മലയോരത്തെ പ്രധാന പട്ടണം ആയതിനാൽ തന്നെ കണ്ണൂർ, തലശ്ശേരി ഉൾപ്പെടെയുള്ള പട്ടണങ്ങളിലേക്ക് പോകുവാൻ ബസ് കാത്തു നിൽക്കുന്നവർ ഇവിടെയാണ് എത്താറുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വരും ഇവിടെയാണ് ബസ് കാത്തു നിൽക്കാറുള്ളത്. ഇതുകൂടാതെ ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. പലരും തലയിൽ കോൺക്രീറ്റ് സ്ലാബുകൾ വീഴാതിരിക്കാൻ അവരുടെ സ്ഥാപനങ്ങൾക്കുള്ളിലും സ്ഥാപനങ്ങൾക്ക് മുന്നിലും സീലിംഗ് ഉൾപ്പെടെ ചെയ്തിട്ടുണ്ട്. എന്നാൽ സീലിങ്ങും തകർത്താണ് ഇവ താഴെ വീഴുന്നത് എന്ന് മാത്രം. വ്യാപാരികളുടെയും യാത്രക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാൻ ഇരട്ടി നഗരസഭ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Exit mobile version