കൊച്ചിയിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദ്ദിച്ചുവെന്ന് ആരോപിച്ച് വർഗീയ പ്രചാരണം നടത്തിയ ഹോട്ടലുടമ തുഷാരയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തതായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് റസ്റ്റോറന്റ് ആക്രമിച്ച സംഭവം, വർഗീയ പ്രചരണങ്ങൾ എന്നിവ ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇരുവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ തുഷാര അജിത്തിന്റെ സംഘത്തില്‍ പെട്ട രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആബിന്‍ ബെന്‍സസ് ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. തുഷാരയും സംഘവും ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ റെസ്റ്റോറന്റില്‍ നടത്തിയത് സംഘടിത ആക്രമണമാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്‍ഫോ പാര്‍ക്കിന് സമീപത്താണ് സംഭവമുണ്ടായത്. ചില്‍സേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്. ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
വെട്ടേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്നും വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിപിച്ചത്. വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാരയുടെ വാദങ്ങള്‍. തുഷാരയുടെ വാദങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരുന്നു. പിന്നാലെ, തുഷാരയ്ക്ക് നേരെ നടന്നത് ജിഹാദി ആക്രമണമാണെന്ന് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രൊഫൈലുകളും പ്രചരിപ്പിച്ചു. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ തടസമാണെന്ന് തരത്തില്‍ വ്യാപക പ്രചരണം സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും നടത്തിയിരുന്നു.
English Summary: False propaganda against non-halal food serving; Thushara and her husband arrested
You may like this video also