Site iconSite icon Janayugom Online

ഗോവയില്‍ കുടുംബാധിപത്യം; 35 ശതമാനം സീറ്റിലും മത്സരിക്കുന്നത് ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവര്‍

ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ 35 ശതമാനം പേരും ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവര്‍. ആകെയുള്ള 40 സീറ്റുകളില്‍ 14ലും ഗോവയിലെ ഏഴ് പ്രമുഖ കുടുംബങ്ങളിലെ അംഗങ്ങളെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്നത്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നതും ശ്രദ്ധേയമാകുന്നു.
കുടുംബവാഴ്ചയ്ക്ക് തങ്ങള്‍ എതിരാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി രണ്ട് കുടുംബങ്ങളിലെ നാല് പേരെയാണ് വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിരിക്കുന്നത്. നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയെ വല്‍പോയ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ ദേവിയ റാണെയെ തൊട്ടടുത്തുള്ള പോരിയം മണ്ഡലത്തിലും ബിജെപി നിയോഗിച്ചിരിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവായ പ്രതാപ് സിങ് റാണെയുടെ മകനാണ് വിശ്വജിത്ത് റാണെ.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന, 11 തവണ എംഎല്‍എയായ പ്രതാപ് സിങ് റാണെയെ പോരിയം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, താന്‍ പോരിയം മണ്ഡലത്തില്‍ പിതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വിശ്വജിത്ത് പ്രഖ്യാപിച്ചു. 82 വയസുള്ള അച്ഛന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബിജെപി വിശ്വജിത്തിന്റെ ഭാര്യയെയാണ് മണ്ഡലത്തില്‍ നിയോഗിച്ചത്. ഇതിനെത്തുടര്‍ന്ന് പ്രതാപ് സിങ് റാണെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, കോണ്‍ഗ്രസ് നേതാവായ പ്രതാപ് സിങ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് പദവി നല്‍കാന്‍ ഗോവയിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചതും ശ്രദ്ധേയമായിരുന്നു. 

റവന്യു മന്ത്രി ജെന്നിഫര്‍ മോന്‍സറേറ്റിനെയും ഭര്‍ത്താവ് അറ്റാന്‍സിയോ മോന്‍സറേറ്റിനെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് ബാബു കാവ്‌ലേകറിന് സീറ്റ് നല്‍കിയെങ്കിലും ഭാര്യ സാവിത്രിയ്ക്ക് ബിജെപി അവസരം നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് സാവിത്രി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. മറ്റുള്ള ചില ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ടിക്കറ്റ് നല്‍കിയ പാര്‍ട്ടി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസ് രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്‍സിപിയില്‍ നിന്നെത്തിയ ചര്‍ച്ചില്‍ അലിമാവോയ്ക്കും മകള്‍ക്കും അടുത്തടുത്ത മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ അവസരം നല്‍കി. തിവിം എംഎല്‍എയായ കിരണ്‍ കണ്ഡോല്‍കറിന് അല്‍ഡോന മണ്ഡലത്തിലും ഭാര്യ കവിതയ്ക്ക് തിവിമിലും ടിഎംസി ടിക്കറ്റ് നല്‍കി.
ഗോവയില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം പേരെ മത്സരാര്‍ത്ഥികളാക്കില്ലെന്ന നിലപാടില്‍ ഇളവ് നല്‍കിയാണ്, ബിജെപി വിട്ടെത്തിയ മൈക്കിള്‍ ലോബോയ്ക്കും ഭാര്യ ദെലീലയ്ക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. ലോബോയുടെ അടുപ്പക്കാരനായ കേദാര്‍ നായ്കിനും കോണ്‍ഗ്രസ് മത്സരത്തിനുള്ള അവസരം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:Family rule in Goa; Sev­en­ty-five per cent of the seats are con­test­ed by peo­ple from sev­en families
You may also like this video

Exit mobile version