Site iconSite icon Janayugom Online

മരണം വിശ്വസിക്കാതെ കുടുംബം; പാമ്പുകടിയേറ്റ് മരിച്ച 10 വയസ്സുകാരനെ പുനരുജ്ജീവിപ്പിക്കാൻ 4 ദിവസത്തെ മന്ത്രവാദം

ഉത്തർപ്രദേശിലെ ഹാത്‌റസ് ജില്ലയിലെ ഹസായൻ ഗ്രാമത്തിൽ പാമ്പുകടിയേറ്റ് മരിച്ച 10 വയസ്സുകാരനെ പുനരുജ്ജീവിപ്പിക്കാനായി കുടുംബം നാല് ദിവസത്തോളം മന്ത്രവാദ ആചാരങ്ങൾ നടത്തി. കുട്ടിക്ക് ജീവൻ തിരികെ ലഭിക്കുമെന്ന അന്ധവിശ്വാസത്തിലാണ് മൃതദേഹത്തോട് വിചിത്രമായ ക്രൂരത കാണിച്ചത്. ഈ സംഭവം വെള്ളിയാഴ്ചയാണ് പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയായിരുന്നു. 

കർഷകനായ നരേന്ദ്ര കുമാറിൻ്റെ മകൻ കപിലിനെയാണ് തിങ്കളാഴ്ച രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പ് കടിച്ചത്. ഉടൻ തന്നെ പ്രാദേശിക ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. എന്നാൽ, അന്ത്യകർമ്മങ്ങൾ നടത്തുന്നതിന് പകരം കുടുംബം ഒരു മന്ത്രവാദിയെ സമീപിക്കുകയും ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഇയാളുടെ നിർദ്ദേശപ്രകാരം ആചാരങ്ങൾ തുടരുകയുമായിരുന്നു. കപിലിൻ്റെ മൃതദേഹം പശുവിൻ ചാണകക്കൂമ്പാരത്തിന് അടിയിൽ വെച്ചതും, ജീവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുറ്റിച്ചെടികൾ ഉപയോഗിച്ച് കാലുകളിൽ ആവർത്തിച്ച് അടിച്ചതുമടക്കമുള്ള ആചാരങ്ങളാണ് നടന്നത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച പൊലീസ് എത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു.

Exit mobile version