Site icon Janayugom Online

പ്രശസ്ത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വര്‍ണ കമലം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങള്‍. അന്‍പതില്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും കൂടിയായിരുന്നു.

ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം അദ്ദേഹം ആദരിച്ചിരുന്നു. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. തെലുങ്കിന് പുറമേ ആറ് ഹിന്ദിസിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയ വിശ്വനാഥിന് 1992‑ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി ആദരിച്ചു. ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന നാന്ദി അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് കെ വിശ്വനാഥ്. തെലുങ്ക് സര്‍വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി. 1980ല്‍ സംവിധാനം ചെയ്ത ശങ്കരാഭരണം നാല് ദേശീയ പുരസ്‌കാരങ്ങളാണ് നേടിയത്. 2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദം ആയിരുന്നു സംവിധാനം ചെയ്ത അവസാന സിനിമ. തെലുങ്ക്, തമിഴ് സിനിമകളിലായി 25ഓളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.

Eng­lish Summary:Famous direc­tor K Vish­wanath passed away

You may also like this video

Exit mobile version