പ്രശസ്ത ചലചിത്ര നടി സന്ധ്യ ശാന്താറാം(87) അന്തരിച്ചു. ഇതിഹാസ ചലച്ചിത്രകാരൻ വി ശാന്താറാമിന്റെ ഭാര്യയായിരുന്നു. ‘ദോ ആംഖേൻ ബരാഹ് ഹാത്ത്’, ‘ഝനക് ഝനക് പായൽ ബാജെ’, ‘പിഞ്ചര’ തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെയാണ് സന്ധ്യ ശ്രദ്ധേയയായത്. 1938 സെപ്റ്റംബർ 13ന് കൊച്ചിയിൽ ജനിച്ച സന്ധ്യ, ഹിന്ദി, മറാത്തി ഭാഷകളിലെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയത്തിനും നൃത്തമികവിനും അവർ പ്രശസ്തയായിരുന്നു. 1951ൽ ‘അമർ ഭൂപാലി’ എന്ന ചിത്രത്തിലൂടെ വി ശാന്താറാം ആണ് സന്ധ്യക്ക് ആദ്യമായി ഒരു വേഷം നൽകിയത്. 1956ൽ ഇരുവരും വിവാഹിതരായി.
50കളിലും 60കളിലും പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ സന്ധ്യ ജനപ്രിയ താരമായി മാറി. ‘പിഞ്ചര’, ‘ദോ ആംഖേൻ ബരാഹ് ഹാത്ത്’, ‘നവരംഗ്’, ‘ഝനക് ഝനക് പായൽ ബാജെ’ തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ അഭിനയവും നൃത്തവും എന്നും ഓർമ്മിക്കപ്പെടുന്നവയാണെന്ന് പ്രമുഖ ചലച്ചിത്രകാരൻ മധുർ ഭണ്ഡാർക്കർ എക്സിൽ കുറിച്ചു. സിനിമാ ലോകത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് സന്ധ്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

