പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ്(89) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. റോബർട്ടിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ പിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിൻഡി ബെർഗറാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ആറ് പതിറ്റാണ്ടുകാലം അമേരിക്കൻ സിനിമയിൽ സജീവമായിരുന്ന റെഡ്ഫോർഡ് ഹോളിവുഡിൻ്റെ സുവർണ കാലഘട്ടത്തിൻ്റെ പ്രതീകമായിരുന്നു. 1969ൽ പുറത്തിറങ്ങിയ ‘ബുച്ച് കാസിഡി ആൻഡ് ദ് സൺഡാൻസ് കിഡ്’ എന്ന ചിത്രമാണ് അദ്ദേഹത്തെ നടൻ എന്ന നിലയിൽ ശ്രദ്ധേയനാക്കിയത്. ‘ദ സ്റ്റിങ്’ (1973), ‘ത്രീ ഡെയ്‌സ് ഓഫ് ദ് കോണ്ടോർ’ (1975), ‘ഓൾ ദ് പ്രസിഡന്റ്സ് മെൻ’ (1976) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായി.
സംവിധായകൻ എന്ന നിലയിലും റെഡ്ഫോർഡ് വ്യക്തിമുദ്ര പതിപ്പിച്ചു. 1980ൽ പുറത്തിറങ്ങിയ ‘ഓഡിനറി പീപ്പിൾ’ ആയിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ സംവിധാന സംരംഭം. ഈ ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുൾപ്പെടെ നാല് അക്കാദമി അവാർഡുകൾ നേടാനായി. ‘എ റിവർ റൺസ് ത്രൂ ഇറ്റ്’ (1992), ‘ക്വിസ് ഷോ’ (1994) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെൻ്റ് നൽകി അക്കാദമി അദ്ദേഹത്തെ ആദരിച്ചു.
ലോകപ്രശസ്തമായ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൻ്റെ സ്ഥാപകനും റെഡ്ഫോർഡ് ആണ്. 80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലും സ്വതന്ത്ര ചലച്ചിത്ര നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ചലച്ചിത്രമേളക്ക് നിർണായക പങ്കുവഹിച്ചു. ക്വിൻ്റൺ ടാരൻ്റീനോ, റയാൻ കൂഗ്ലർ, ക്ലോയി ഷാവോ തുടങ്ങിയ പ്രമുഖ സംവിധായകരെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയതിൽ സൺഡാൻസ് പ്രധാന പങ്ക് വഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളുടെ പേരിലും റോബർട്ട് റെഡ്ഫോർഡ് പ്രശസ്തനാണ്.

