Site icon Janayugom Online

പുനീത് രാജ്കുമാറിന്റെ മരണത്തില്‍ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു; ഹൃദയാഘാതം മൂലം രണ്ടുപേര്‍ മരിച്ചു

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ മരിച്ചതിനുപിന്നാലെ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെലാഗാവി ജില്ലയിലെ അതാണി സ്വദേശി രാഹുൽ ഗാദിവദരയാണ് ആത്മഹത്യ ചെയ്തത്. പുനീതിന്റെ കടുത്ത ആരാധകനായ രാഹുൽ, താരത്തിന്റെ ചിത്രത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ശേഷം അതിന്റെ സമീപത്ത് തന്നെ തൂങ്ങി മരിക്കുകയായിരുന്നു.
കർണാടക സ്വദേശികളായ മറ്റ് രണ്ട് പേർ പുനീതിന്റെ മരണവാർത്തയറിഞ്ഞ് ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു. ചംരാജ്നഗർ സ്വദേശി മുനിയപ്പയും ബാലെഗാവ് സ്വദേശി പരശുറാം ദെമനനന്നാവാറുമാണ് മരണമടഞ്ഞത്. 30കാരനായ മുനിയപ്പ പുനീതിന്റെ കടുത്ത ആരാധകനായിരുന്നെന്നും താരം കുഴഞ്ഞു വീണ വാർത്തയറിഞ്ഞതു മുതൽ നിർത്താതെ കരയുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മരണവാർത്ത ടി വിയിൽ കേട്ടയുടൻ കുഴഞ്ഞു വീണ മുനിയപ്പയെ പൊന്നാച്ചിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണവാർത്തയറിഞ്ഞ ഉടൻ തന്നെ പരശുറാമിന് ഹൃദയാഘാതം ഉണ്ടായെന്നും ആശുപത്രിയിൽ പോലും എത്തിക്കാൻ സാധിച്ചില്ലെന്നും അവർ അറിയിച്ചു.
ഉഡുപ്പി ജില്ലയിലുള്ള സതീശ് എന്ന ഓട്ടോ ഡ്രൈവർ പുനീതിന്റെ മരണവാർത്തയറിഞ്ഞപ്പോൾ സ്വന്തം കൈ ചതച്ചു പരിക്കേൽപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish Sum­ma­ry: Fan com­mits sui­cide over Puneet Rajku­mar’s death; Two died of a heart attack

 

You may like this video also

Exit mobile version