Site icon Janayugom Online

ആരാധകര്‍ പ്രിയതാരങ്ങളുടെ ജേഴ്സികൾക്ക് പിന്നാലെ

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നാടും നഗരവും മുങ്ങുമ്പോൾ അതിന് നിറപ്പകിട്ടേകാന്‍ പ്രിയതാരങ്ങളുടെ ജേഴ‍്സിക്കായി പായുകയാണ് ഫുട്ബോൾ ആരാധകർ. ഇഷ്ടതാരങ്ങളെ വാനോളം ഉയർത്താനുള്ള മത്സരങ്ങൾക്കിടയിൽ താരങ്ങളുടെ പേരും നമ്പരും പ്രിന്റ് ചെയ്ത ജേഴ്സികൾക്ക് ആവശ്യക്കാർ ഏറെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെക്കാളും ആരാധകർ പായുന്നത് മുൻചാമ്പ്യന്മാരായ ബ്രസീലിന്റെയും അർജന്റീനയുടെയും ജർമ്മനിയുടെയും പിന്നാലെയാണ്. 

ഫ്ലക്സും കട്ടൗട്ടും തോരണങ്ങളും മറ്റുമായി മെസിയും നെയ്മറും റൊണാൾഡോയുമെല്ലാം കളം നിറഞ്ഞു നിൽക്കുമ്പോഴും ജേഴ്സികളിലെ താരം മെസി തന്നെയാണ്. മെസിയുടെ പേരും നമ്പറുമടങ്ങിയ ജേഴ്സി അന്വേഷിച്ചെത്തുന്നതിൽ പ്രായഭേദമില്ലാതെ കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ടെന്നത് ഫുട്ബോൾ പ്രേമികൾക്കിടയിൽ മെസിയുടെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. മൊത്ത‑ചില്ലറ വിപണികളിലും ഓൺലൈനിലുമെല്ലാം ജേഴ്സി വില്പന പൊടിപൊടിക്കുകയാണ്. കടകളിൽ 150 മുതലും ഓൺലൈൻ സൈറ്റുകളിൽ 200ന് മുകളിലേക്കുമാണ് വില. അത്യാവശ്യം ക്വാളിറ്റിയുള്ള ബ്രാൻഡഡ് ജേഴ്സിക്ക് 500 രൂപയോളംവില വരും. ഓൺലൈൻ സൈറ്റുകളിൽ ബെസ്റ്റ് സെല്ലിങ്ങ് വിഭാഗത്തിലുള്ളത് അർജന്റീന ജേഴ്സിയാണ്. ജേഴ്സിക്കൊപ്പം ഒരു ഷോർട്ട്സും വിപണിയിലുണ്ട്. 

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി ടീമുകളുടെ ജേഴ്സികൾ പുറത്തിറങ്ങിയതോടെയാണ് വിപണിയിൽ ജേഴ്സിക്കായി തിരക്കേറുന്നത്. പാരമ്പര്യം ചോർന്നുപോകാത്തതും എന്നാൽ പുതിയകാലത്തോട് സംവദിക്കുന്നതുമായ ജേഴ്സികളുമായാണ് 2022 ലോകകപ്പിൽ 32 ടീമുകളും ഖത്തറിലേക്ക് എത്തുന്നത്. ഏകദേശമൊക്കെ ഒഫിഷ്യൽ ജേഴ്സിയുടെ സാദൃശ്യം പുലർത്തുന്ന തരത്തിൽ വളരെ ആകർഷകമായ ഡിസൈനിലും സ്റ്റൈലിലുമാണ് ജേഴ്സികൾ വിപണിയിലുള്ളത്. 

Eng­lish Summary:Fans are after the jer­seys of their favorite stars
You may also like this video

Exit mobile version