Site iconSite icon Janayugom Online

അർബുദ ചികിത്സയിലിരിക്കെ ഫന്റാസ്റ്റിക് ഫോർ താരം ജൂലിയൻ മക്മഹോൻ അന്തരിച്ചു

നിപ്/ ടക്, ഫന്റാസ്റ്റിക് ഫോര്‍, ചാംഡ്, ഹോം എവേ, എഫ്ബിഐ: മോസ്റ്റ് വാണ്ടഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓസ്‌ട്രേലിയന്‍— അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു അദ്ദേഹം. ബുധനാഴ്ചയായിരുന്നു മരണം. ഭാര്യ കെല്ലി മക്മഹോന്‍ ആണ് മരണവിവരം അറിയിച്ചത്. ‘ജൂലിയന്‍ മക്മഹോന്‍, അര്‍ബുദത്തെ മറികടക്കാനുള്ള ധീരമായ പരിശ്രമങ്ങള്‍ക്കിടെ ഈ ആഴ്ച മരണത്തിന് കീഴടങ്ങിയെന്ന് ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു’, എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് കെല്ലി മരണവാര്‍ത്ത പങ്കുവെച്ചത്. സ്വന്തം ജീവിതവും കുടുംബത്തേയും സുഹൃത്തുക്കളേയും ജോലിയേയും ആരാധകരേയും മക്മഹോന്‍ അതിയായി സ്‌നേഹിച്ചിരുന്നുവെന്നും കെല്ലി കുറിച്ചു.

1971- 72 കാലത്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന സര്‍ വില്യം മക്മഹോന്റെ മകനാണ് ജൂലിയന്‍ മക്മഹോന്‍. 1968‑ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ജനനം. 1980-കളില്‍ മോഡലായാണ് ജൂലിയന്‍ മക്മഹോന്‍ സിനിമ മേഖലയിലേക്ക് എത്തുന്നത്. 1989‑ല്‍ ഓസ്‌ട്രേലിയന്‍ ടിവി ഷോയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 1992‑ല്‍ പുറത്തിറങ്ങിയ ‘വെറ്റ് ആന്റ് വൈല്‍ഡ് സമ്മര്‍’ ആണ് ആദ്യചിത്രം. നെറ്റ്ഫ്‌ളിക്‌സ് സീരീസ് ‘ദ റെസിഡന്‍സി‘ലാണ് അവസാനമായി വേഷമിട്ടത്.

Exit mobile version