Site iconSite icon Janayugom Online

“സമര ഇതിഹാസത്തിന് അന്ത്യാഭിവാദ്യങ്ങൾ”; വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. “സമര ഇതിഹാസത്തിന് അന്ത്യാഭിവാദ്യങ്ങൾ” എന്ന് കുറിച്ചുകൊണ്ടാണ് സ്പീക്കർ വി എസിനെ അനുസ്മരിച്ചത്. 

“സമരേതിഹാസത്തിന് അന്ത്യാഭിവാദ്യങ്ങൾ. കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ടുകാലത്തെ സമരജീവിതം എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച തൊഴിലാളി ജീവിതം, പിന്നീട് തൊഴിലാളികൾക്കു വേണ്ടി സമരകാഹളം മുഴക്കുന്ന നേതാവിലേക്ക് അദ്ദേഹത്തെ വളർത്തി. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ചുവന്ന ഏടായ പുന്നപ്ര- വയലാർ സമരത്തിലെ ആ സമരഭടൻ ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ജയിലിൽ തടവിലായിരുന്നു. പിന്നീട് അദ്ദേഹം കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി മാറി. പതിറ്റാണ്ടുകളോളം കേരളത്തിലെ സമരവീര്യത്തിൻ്റെ പര്യായപദമായി വി എസ് എന്ന പേര്. പാരിസ്ഥിതിക ജാഗ്രതയുള്ള ഭരണകർത്താവായും ചൂഷിതരുടെ സമരമുന്നേറ്റങ്ങളിൽ എന്നും മുന്നിൽ നിന്ന് നയിക്കുന്ന ജനനേതാവായും കേരള രാഷ്ട്രീയത്തിൻ്റെ ഉജ്ജ്വല അദ്ധ്യായമായ സഖാവ് വി എസ് അച്ചുതാനന്ദന് വിട” സ്പീക്കർ അനുസ്മരണക്കുറിപ്പിൽ പറഞ്ഞു. 

Exit mobile version