Site icon Janayugom Online

ഫാരിസിന്റെ ഭൂമി ഇടപാടുകൾ വിശദമായി പരിശോധിക്കും

faris

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകൾ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കും. ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൺസള്‍ട്ടന്റായിരുന്ന സുരേഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഭൂമി ഇടപാടിന്റെ രേഖകൾ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. 

തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ ഭർത്താവാണ് സുരേഷ്. ഡിസിസി സെക്രട്ടറിയുടെ വീട്ടിലെ പരിശോധനയിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായി. സുരേഷിന്റെ മണ്ണന്തലയിലെ വീട്ടിൽ പത്ത് മണിക്കൂറിലേറെയായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ഭൂമി ഇടപാടിന്റെയും ബാങ്ക് ഇടപാടിന്റെയും രേഖകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. ഫാരിസിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാരറ്റ് ഗ്രോയുടെ കൺസൾട്ടന്റായി 2018 മുതൽ സുരേഷ് ജോലി ചെയ്യുകയാണ്. ഫാരിസ് 10 വ‍ഷം മുമ്പ് തുടങ്ങിയ പത്രത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. 

പാരറ്റ് ഗ്രോ കമ്പനി കേരളത്തിലുടനീളം ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. വീക്ഷണം, ജയ്ഹിന്ദ് ചാനലുകളിൽ കൺസൾട്ടന്റായിരുന്ന സുരേഷ് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഏറെ അടുപ്പമുള്ളയാളാണ്. വി എസ് സർക്കാരിന്റെ കാലത്ത് കൊച്ചി വളന്തക്കാടിൽ ടൗൺഷിപ്പിന് വേണ്ടി കണ്ടൽക്കാട് ഉൾപ്പെടുന്ന ഭൂമി ഇതേ കമ്പനി വാങ്ങിയത് വിവാദമായിരുന്നു. പദ്ധതിക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. കമ്പനിയുടെ പ്രധാന ഇടനിലക്കാരനായതുകൊണ്ടാണ് സുരേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഫാരിസിന്റെ വീട്ടിലും ബന്ധമുള്ള സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. 

Eng­lish Sum­ma­ry: Faris’ land deal­ings will be scrutinised

You may also like this video

Exit mobile version