Site iconSite icon Janayugom Online

ഏക ജാലക സംവിധാനം വഴി ഫാം ലൈസൻസ് കർഷകർക്ക് ലഭ്യമാകും : മന്ത്രി ജെ ചിഞ്ചു റാണി

ഫാം ലൈസൻസിനായി കർഷകർക്ക് ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ല. ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2023’ നോടനുബന്ധിച്ച് നടത്തിയ ജനകീയ ക്ഷീര കർഷക അദാലത്തിൽ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ കർഷകർക്ക് കറവ പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫാം തുടങ്ങുന്നതിനും നടത്തിപ്പിനും നിലവിലുള്ള കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കും, ആപ്കോസ്, നോൺ ആപ്കോസ് സംഘങ്ങളുടെ സ്ഥലത്തർക്കങ്ങൾ റവന്യൂ വകുപ്പുമായി ചേർന്ന് പരിഹരിക്കും, മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾ കൃത്യമായി കണ്ടെത്താൻ താലൂക്ക് തലത്തിൽ ലാബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും, ഫാമിംഗ് രംഗത്ത് സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവയ്ക്കായി വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വളരെ നാളുകളായി തീർപ്പാകാത്ത കർഷകരുടെ വിവിധ പരാതിയിന്മേൽ ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അദാലത്തിൽ 14 ജില്ലകളിൽ നിന്നായി കർഷകരുടെ 281 പരാതികളാണ് ലഭിച്ചത്. ഇതിൽ 165 പരാതികൾക്ക് അദാലത്തിൽ തീർപ്പായി. അവശേഷിക്കുന്ന പരാതികൾ ഡയറക്ടറേറ്റ് തലത്തിലും സർക്കാർ തലത്തിലും പരിഹരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.

Eng­lish Sum­ma­ry: Farm license through sin­gle win­dow system
You may also like this video

Exit mobile version