Site icon Janayugom Online

റബ്ബർ വില കുതിച്ചിട്ടും രക്ഷയില്ലാതെ കർഷകർ

റബ്ബര്‍വില കുതിപ്പിന്റെ നേട്ടം സ്വന്തമാക്കാനാവാതെ കർഷകർ. മഴമറ സ്ഥാപിക്കാനുള്ള പദ്ധതി റബ്ബർബോർഡ് നടപ്പിലാക്കാതെ വന്നതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. നിലവിൽ ഷീറ്റ് റബ്ബറിന് 205,ലാറ്റക്സ് 202,ഒട്ടുപാൽ 140 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ മഴയിൽ ഉല്പാദനം കുറഞ്ഞതോടെ ആവശ്യത്തിന് റബ്ബർ വിപണിയിൽ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്.
മേയ് പകുതിയോടെ മഴമറ വയ്ക്കാൻ 400 രൂപയുടെ പ്രഖ്യാപിത സബ്സിഡിയുമായി റബ്ബര്‍ ബോർഡ് മുന്നോട്ടുവന്നിരുന്നെങ്കിൽ ചെറുകിടക്കാരിൽ ഏറെപ്പേരും റെയിൻ ഗാർഡിങ് നടത്തുമായിരുന്നു. 

സ്പ്രെയിങ്ങിനുള്ള 4,000 രൂപ സബ്സിഡിയും പ്രഖ്യാപനത്തിൽ ഒതുങ്ങി. നിലവിൽ പരിമിതമായ തോട്ടങ്ങളിൽ മാത്രമാണ് ആഴ്ചയിൽ ഒന്നോ രണ്ടോ വീതം ടാപ്പിങ് നടക്കുന്നത്. മഴ ശക്തിപ്പെട്ടതും ഉല്പാദനം കുറയാൻ കാരണമായി. വിപണിയിൽ റബ്ബർ ലഭ്യത കുറഞ്ഞതോടെ മാർക്കറ്റ് വിലയേക്കാളും അധികവില നൽകി റബ്ബർ സംഭരിക്കാനും പ്രാദേശിക കമ്പനികൾ തയ്യാറാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പലയിടത്തും കച്ചവടം നടന്നിരുന്നു. ഇതിന്റെ നേട്ടം ലഭിച്ചതാവട്ടെ ഷീറ്റും ലാറ്റക്സും വലിയ തോതിൽ സ്റ്റോക്കുള്ള വൻകിട വ്യാപാരികൾക്കു മാത്രം. 

കഴിഞ്ഞ ദിവസം റബ്ബര്‍ ബോർഡ് പ്രഖ്യാപിത ഷീറ്റ് വിലയിൽനിന്ന് ഏഴു രൂപ അധികം നൽകി ചരക്ക് വാങ്ങാൻ ടയർ കമ്പനികൾ മുന്നോട്ടുവന്നു. കോട്ടയം മാർക്കറ്റിൽ 15 ടണ്ണിന്റെ വ്യാപാരം മാത്രമേ നടന്നുള്ളൂ. ചെറുകിട കർഷകർക്ക് ഷീറ്റ് സ്റ്റോക്കില്ലാത്തതിനാൽ മെച്ചവിലയുടെ നേട്ടമൊന്നും ലഭിച്ചതുമില്ല. ഇനിയും വില നന്നായി ഉയരാനുള്ള സാധ്യത മുൻനിർത്തി വൻകിട ഉല്പാദകർ ഷീറ്റ് വിറ്റഴിക്കാതെ സ്റ്റോക്ക് ചെയ്തിരിക്കുകയാണ്. ആസം പോലെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഒട്ടുപാൽ അടക്കം ഇറക്കുമതി ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. വില വര്‍ധനവ് പ്രയോജനപ്പെടുത്താൻ ടാപ്പിങ് നടത്തിയാൽതന്നെ പ്രതികൂല കാലാവസ്ഥയിൽ ലാറ്റക്സ് ശേഖരണവും ഷീറ്റ് തയാറാക്കലും പുകപ്പുരയിൽ ഉണക്കലും ക്ലേശകരമാണ്. മഴക്കാലത്ത് വിറക് ലഭിക്കാനില്ലെന്നതാണ് പ്രധാന പരിമിതി. മാത്രമല്ല, മഴ മറ സ്ഥാപിച്ച് ഉല്പാദനം ആരംഭിക്കാനും ദിവസങ്ങളെടുക്കും. 

Eng­lish Summary:Farmers are help­less despite the rise in rub­ber prices
You may also like this video

Exit mobile version