രാജ്യത്ത് കാലവര്‍ഷം നേരത്തെ എത്തിയതോടെ കാര്‍ഷികരംഗം പ്രതീക്ഷയില്‍. 2009 ന് ശേഷം ആദ്യമായി നേരത്തെയെത്തിയ മണ്‍സൂണ്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് കാലവര്‍ഷം കാര്‍ഷിക ഉല്പാദനം ശക്തിപ്രാപിക്കാന്‍ ഇടവരുത്തുമെന്നാണ് കര്‍ഷകരും കാര്‍ഷിക ശാസ്ത്രജ്ഞരും പ്രതീക്ഷിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലയക്കയറ്റം കുറയാനും ഇതുവഴി സാധ്യമാകും. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശത്തായി വ്യാപിച്ച് കിടക്കുന്ന കൃഷിഭൂമിയെ ഊര്‍വരമാക്കുന്ന കാലവര്‍ഷം കാര്‍ഷിക കയറ്റുമതിക്കും ഊര്‍ജം പകരും. ദക്ഷിണേന്ത്യയിലെ കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന മണ്‍സൂണ്‍ വര്‍ഷങ്ങളായി ജൂണ്‍ ഒന്നുമുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി എട്ട് ദിവസം നേരത്തെയാണ് കാലവര്‍ഷം എത്തിച്ചേര്‍ന്നത്. ഇതിന് മുമ്പ് 2009 ലായിരുന്നു മണ്‍സൂണ്‍ കണക്കുകൂട്ടിയതിലും മുമ്പേ എത്തിയത്. ഈ മണ്‍സൂണ്‍ സീസണില്‍ കുടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് എജന്‍സികളും പ്രവചിച്ചിരിക്കുന്നത്. സമൃദ്ധവും കൃത്യസമയത്തും ലഭിക്കുന്ന മഴ നെല്ല്, സോയാബീന്‍, പരുത്തി എന്നീ വിളകളുടെ ഉല്പാദനം വര്‍ധിപ്പിക്കും.
ഇതോടൊപ്പം ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ ശൈത്യകാല വിളകള്‍ക്ക് ജലസേചനത്തിന്റെ പ്രധാന ഉറവിടമായ ജലസംഭരണികള്‍ നിറയാനും ഇടവരുത്തും. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് ലഭിക്കുന്ന മഴ കാര്‍ഷിക പ്രവര്‍ത്തനം നേരത്തെ ആരംഭിക്കാന്‍ കര്‍ഷകരെ സഹായിക്കും. ജൂണ്‍ പകുതിയോടെ വിത്ത് വിതയ്ക്കല്‍ തുടങ്ങുന്നത് നേരത്തെ വിളവെടുപ്പ് നടത്താനും ഉപകരിക്കുമെന്ന് ഫിലിപ്പ് ക്യാപിറ്റല്‍ ഇന്ത്യയിലെ കമ്മോഡിറ്റി റിസര്‍ച്ച് വൈസ് പ്രസിഡന്റ് അശ്വനി ബന്‍സേദ് പറഞ്ഞു. രണ്ടോ മുന്നോ ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര അടക്കമുള്ള തെക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സമീപ വര്‍ഷങ്ങളിലെ കാലാവസ്ഥ വ്യതിയാനം രാജ്യത്തെ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും പാടെ തളര്‍ത്തിയിരുന്നു. ഇതു മൂലം കാര്‍ഷിക ഉല്പന്നങ്ങളുടെ അടക്കം കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കേണ്ടി വന്നിരുന്നു.
ധാന്യങ്ങള്‍. പയര്‍വര്‍ഗം, എണ്ണക്കുരു, പഞ്ചസാര എന്നിവയുടെ ഉയര്‍ന്ന ലഭ്യത വിപണിയില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കുറവിനും ഇടവരുത്തും. 2024 ഒക്ടോബറില്‍ രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം പത്ത് ശതമാനം പിന്നിട്ടിരുന്നു. ഈ എപ്രിലില്‍ എട്ടുശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അരി, ഗോതമ്പ്, പഞ്ചാസാര ഉല്പാദകരായ ഇന്ത്യയിലെ കോടിക്കണക്കിന് കര്‍ഷകര്‍ ജലസേചനത്തിന് പ്രധാനമായും കാലവര്‍ഷത്തെയാണ് ആശ്രയിക്കുന്നത്. മേയ് അവസാനത്തോടെ മണ്‍സൂണ്‍ വിളകളുടെ വിത്തുവിതയ്ക്കല്‍ ആരംഭിക്കും. സെപ്റ്റംബറിലാകും വിളവെടുപ്പ് നടക്കുക. ഓഗസ്റ്റ്-സെപ്റ്റംബര്‍ പകുതിയോടെ മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.

