രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് വിശ്വാസ വഞ്ചനാ ദിനം ആചരിക്കും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം പിന്‍വലിച്ചപ്പോള്‍ കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കുമെന്ന് മോഡി സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രം നാളിതുവരെ സമിതി രൂപീകരിക്കുകയോ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ലാഖോവാള്‍) ജനറല്‍ സെക്രട്ടറി ഹരീന്ദര്‍ സിങ് ലാഖോവാള്‍ പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്രമന്ത്രിമാരുടെയും കോലം കത്തിക്കുമെന്നും ലാഖോവാള്‍ പറഞ്ഞു.
കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വ്യാജ കേസുകള്‍ ഇതുവരെ പിന്‍വലിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല.
ഫെബ്രുവരി ഒന്നിനകം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇനിയും വിഷയത്തില്‍ മുഖം തിരിക്കുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും ലാഖോവാള്‍ പറഞ്ഞു.
English Summary: Farmers’ Day will be observed today
You may like this video also
