Site iconSite icon Janayugom Online

ഹരിയാനയില്‍ ബിജെപി നേതാക്കളെ കര്‍ഷകര്‍ ബന്ദികളാക്കി

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുന്നു. അധിക്ഷേപ പരാമര്‍ശം നടത്തിയ ഹരിയാനയിലെ മുന്‍ മന്ത്രി മനീഷ് ഗ്രോവറിനെ എട്ടു മണിക്കൂറോളം കര്‍ഷകര്‍ ബന്ദിയാക്കി. കേദാര്‍നാഥില്‍ ആദിശങ്കര പ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രിയുടെ പരിപാടി തത്സമയം കാണാന്‍ റോത്തകിലെ കിലോയി അമ്പലത്തില്‍ എത്തിയ ഗ്രോവറെയും സംഘത്തെയും കര്‍ഷകര്‍ വളയുകയായിരുന്നു. മന്ത്രി രവീന്ദ്ര രാജു ഉള്‍പ്പെടെയുള്ള നേതാക്കളെ വന്‍ തോതില്‍ പൊലീസിനെ ഇറക്കി മോചിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നടത്തിയ ശ്രമം വിജയം കണ്ടില്ല. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാലേ അമ്പലത്തില്‍ നിന്നും പുറത്തു പോകാന്‍ അനുവദിക്കൂ എന്ന് കര്‍ശന നിലപാട് കര്‍ഷകര്‍ സ്വീകരിച്ചതോടെ മനീഷ് ഗ്രോവര്‍ മാപ്പു പറയാന്‍ തയ്യാറായി.

മന്ത്രി കൈകൂപ്പി കര്‍ഷകരോട് മാപ്പു പറയുന്ന ദൃശ്യം പുറത്തു വന്നതോടെയാണ് ബിജെപി നേതാക്കളെ പുറത്തുകടക്കാന്‍ കര്‍ഷകര്‍ അനുവദിച്ചത്. ബിജെപി സംഘടനാ ചുമതല കൂടി വഹിക്കുന്ന മന്ത്രി രവീന്ദ്ര രാജു, മേയര്‍ മന്‍മോഹന്‍ ഗോയല്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ അജയ് ബന്‍സാല്‍, സതീഷ് നന്ദാല്‍ എന്നിവരെയാണ് ഗ്രോവറിനൊപ്പം അമ്പലം വളഞ്ഞ് കര്‍ഷകര്‍ ബന്ദികളാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കര്‍ഷകരെ പൊലീസ് അറസ്റ്റു ചെയ്തു. 

ഹരിയാനയിലെ ഹിസാറില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി രാജ്യസഭാ അംഗം രാം ചന്ദ്ര ജംഗ്രക്കെതിരെയും കര്‍ഷര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. സമരം ചെയ്യുന്നവര്‍ തൊഴിലില്ലാത്ത മദ്യപരെന്നായിരുന്നു ജംഗ്രയുടെ പരാമര്‍ശം. പ്രതിഷേധത്തെ തുടര്‍ന്ന് എംപി പരിപാടികള്‍ റദ്ദാക്കി മടങ്ങി. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ രണ്ട് കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം റോത്തകിലും ജംഗ്രക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ തുടക്കം കുറിച്ച പ്രതിഷേധ സമരം ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും ദിവസം മാത്രമാണ് ബാക്കി. ബിജെപി ഭരണത്തിനെതിരെയുള്ള പോരാട്ടമായി കര്‍ഷക പ്രക്ഷോഭം ഇതിനോടകം മാറിയിട്ടുണ്ട്.
eng­lish summary;farmers held hostage by BJP lead­ers In Haryana
you may also like this video;

Exit mobile version