Site iconSite icon Janayugom Online

5,000 രൂപവരെ കർഷക പെൻഷൻ ; ഡിസംബർ ഒന്നുമുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും. ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് ബുധനാഴ്ചമുതൽ http://kfwfb.kerala.gov.in വെബ് പോർട്ടൽ വഴി അപേക്ഷിക്കാം.

നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി മുഖേനയാണ് പെൻഷൻ ലഭിക്കുക.പതിനെട്ടിനും 55നും ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. 100 രൂപ രജിസ്ട്രേഷൻ ഫീസടച്ച്‌ അപേക്ഷിക്കണം. അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരാകണം. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ്‌ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയെ പരിപാലിക്കുന്നവർക്കും അപേക്ഷിക്കാം.

ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനുമാകും. 100 രൂപയാണ് കുറഞ്ഞ പ്രതിമാസ അംശാദായത്തുക. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക്‌ അടയ്ക്കും.അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും 60 വയസ്സ്‌ പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും. കുറഞ്ഞത് അഞ്ചു വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ്‌ കുടുംബ പെൻഷൻ ലഭിക്കുക

Eng­lish Sum­ma­ry: Farm­ers’ pen­sion up to Rs 5,000; You can apply from Decem­ber 1

You may also like this video: 

Exit mobile version