സൈന്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ യുവാക്കളെ നിയമിക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ കര്‍ഷകരും രംഗത്ത്. പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതിനോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമ, ജില്ലാ തലങ്ങളില്‍ പ്രതിഷേധങ്ങളും മാര്‍ച്ചുകളും സംഘടിപ്പിച്ചു. പ്രതിഷേധത്തിന് എഐടിയുസി ഉള്‍പ്പെടെ 10 കേന്ദ്ര തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ളതിന് സമാനമായുള്ള പ്രതിഷേധം അഗ്നിപഥ് പദ്ധതിക്കെതിരെയും ഉയര്‍ന്നുവരണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സംയുക്ത കിസാന്‍ മോര്‍ച്ച നിവേദനം സമര്‍പ്പിച്ചു. അഗ്നിപഥ് വിജ്ഞാപനം പിന്‍വലിച്ച് പതിവ് സൈനിക നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് രാഷ്ട്രപതിയും സൈനിക മേധാവികളും ഉറപ്പുവരുത്തണമെന്നും സംഘടന നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ യുവാക്കളുടെ നേതൃത്വത്തിലുള്ള വന്‍ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. നിരവധി ഇടങ്ങളില്‍ പ്രതിഷേധങ്ങള്‍ കലാപത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച നിവേദനത്തില്‍ കര്‍ഷക സംഘടന പറയുന്നു. പദ്ധതി വിവാദമായതോടെ പരിഹാസ്യമായ പദ്ധതികള്‍ പ്രഖ്യാപിച്ച് എരിതീയില്‍ എണ്ണ ഒഴിക്കുന്ന പ്രവൃത്തികളാണ് മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള യുവാക്കളുടെ അവകാശത്തിനെതിരെ ഭീഷണിപ്പെടുത്തുന്ന അപലപനീയമായ പ്രവൃത്തിയാണ് മൂന്ന് സേനാ മേധാവികൾ ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കുനേരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശം നഷ്ടപ്പെടുത്തുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ മുൻകൂർ വ്യവസ്ഥയുണ്ടാകരുതെന്നും എസ്‌കെഎം ആവശ്യപ്പെട്ടു.
English Summary: Farmers protest against Agneepath project
You may like this video also