കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ജന്ദര്‍ മന്ദിറില്‍ സംഘടിപ്പിച്ച മഹാ പഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്നു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക, മിനിമം താങ്ങുവിലയ്ക്ക് നിയമ നിര്‍മ്മാണം, ലോക വ്യാപാര സംഘടനയില്‍നിന്ന് പുറത്തുവരുക, സ്വതന്ത്ര വ്യാപാര കരാറുകള്‍ അവസാനിപ്പിക്കുക, കാര്‍ഷികകടം എഴുതിത്തള്ളുക, വൈദ്യുതി ഭേദഗതി ബില്‍ 2022 റദ്ദാക്കുക, ലഖിംപുര്‍ ഖേരിയില്‍ അറസ്റ്റുചെയ്ത കര്‍ഷകരെ മോചിപ്പിക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്.
സിംഘു, ടിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകരെ പൊലീസ് തടയുകയും ചിലരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തിരുന്നു. അവരെ പിന്നീട് വിട്ടയച്ചതായി ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പ്രിയങ്ക കശ്യപ് വ്യക്തമാക്കി.
കര്‍ഷക മഹാപഞ്ചായത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പലയിടത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് കര്‍ഷകരെ തടഞ്ഞെങ്കിലും അതെല്ലാം മറികടന്നായിരുന്നു ഇന്നലെത്തെ പ്രതിഷേധം. ഡല്‍ഹിയിലെ വിവിധ ഗുരുദ്വാരകളില്‍ നിന്നുമാണ് കര്‍ഷകര്‍ ജന്ദര്‍ മന്ദിറിലേക്ക് മാര്‍ച്ച് ചെയ്തെത്തിയത്. മഹാപഞ്ചായത്ത് വിജയമായിരുന്നെന്നും തുടര്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും എസ്‌കെഎം വിമത നേതാക്കള്‍ വ്യക്തമാക്കി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയെന്നും നേതാക്കള്‍ അറിയിച്ചു.
കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നുത്. ഇതുമൂലം അതിര്‍ത്തികളില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. അതിര്‍ത്തി മേഖലകള്‍ക്കു പുറമെ ഡല്‍ഹി-മീററ്റ് എക്പ്രസ് വേ, പാലം മേല്‍പ്പാലം, അരബിന്ദോ മാര്‍ഗ്, റിങ് റോഡ്, ഗാസിയാബാദ്-വസീറാബാദ് റോഡ് ഉള്‍പ്പെടെ വിവിധ റോഡുകളിലെ ഗതാഗതം കാര്യമായ തോതില്‍ തടസ്സപ്പെട്ടു.
പഞ്ചാബ്, ഹരിയാന, യുപി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഇന്നലെ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നും നാല്‍പതിലധികം പേരാണ് പ്രതിഷേധവുമായി ജന്ദര്‍ മന്ദിറില്‍ എത്തിയത്.
English Summary: Farmers’ protest once again occupied the capital
You may like this video also