താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ഷക ബന്ദ് പഞ്ചാബില്‍ ജനജീവിതം നിശ്ചലമാക്കി. പഞ്ചാബ് — ഡല്‍ഹി ദേശീയ പാതയും ട്രെയിനുകളും ഉപരോധിച്ചതോടെ പൊതുഗതാഗതം നിശ്ചലമായി. 200 ഓളം ട്രെയിനുകളാണ് ബന്ദിന്റെ ഭാഗമായി റെയില്‍വേ റദ്ദാക്കിയത്. ബന്ദ് വിമാനയാത്രക്കൂലിയിലും പ്രതിഫലിച്ചു. ചണ്ഡിഗഢ് — ഡല്‍ഹി വിമാന ടിക്കറ്റിന് വന്‍തോതിലാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലുവരെ പ്രഖ്യാപിച്ച ബന്ദില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും തുറന്നില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ചലോ മാര്‍ച്ചിനായി എത്തിയ കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലും തടഞ്ഞതില്‍ പ്രതിഷേധിച്ചും നിരാഹാര സമരം തുടരുന്ന ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യ നില മോശമായതിലും പ്രതിഷേധിച്ചായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ടീയേതര വിഭാഗം) കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവ ബന്ദിന് ആഹ്വാനം നല്‍കിയത്.
വ്യാപാരികളും, തൊഴിലാളികളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനതുറകളില്‍പ്പെട്ടവര്‍ ബന്ദിനെ പിന്തുണച്ചുവെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്തര്‍ പ്രതികരിച്ചു. ദേശീയ പാതയും റെയില്‍വേ ട്രാക്കും ഉപരോധിച്ചുള്ള സമരത്തില്‍ സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. റോഡ്-റെയില്‍ ഗതാഗതം തടസപ്പെട്ടതോടെ വിമാനയാത്രക്കൂലിയില്‍ വന്‍ വര്‍ധനവാണ് കമ്പനികള്‍ വരുത്തിയത്. വിസ്താര എയര്‍ലൈന്‍സ് ചണ്ഡീഗഢ് — ഡല്‍ഹി യാത്രയ്ക്ക് 19,000 രൂപ വരെ ഈടാക്കി. ശരാശരി 3,000 മുതല്‍ 4,000 രൂപ വരെയായിരുന്നു നിരക്ക്. യാത്രക്കാരുടെ വര്‍ധനവും സീറ്റുകളുടെ കുറവും കണക്കിലെടുത്താണ് യാത്ര നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് വിമാന കമ്പനികളുടെ വിശദീകരണം. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, നിയമപരിരക്ഷ ഉറപ്പു വരുത്തുക, കര്‍ഷിക വായ്പ എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായിരുന്നു ബന്ദ്.