പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ മൂന്ന് കര്‍ഷകര്‍ കൂടി മരിച്ചു. ഇതോടെ പ്രതിഷേധത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം 10 ആയി. തിങ്കളാഴ്ച അമൃത്സറിലെ അജ്നാല സ്വദേശി 76 വയസുള്ള ബാല്‍ക്കര്‍ സിങ് രാജ്പുര റെയില്‍വേ സ്റ്റേഷനില്‍ വച്ച് മരിച്ചു. ഫെബ്രുവരിയില്‍ സമരം ആരംഭിച്ചതുമുതല്‍ പങ്കാളിയായയിരുന്നു ബാല്‍ക്കര്‍ സിങ്ങെന്ന് കിസാൻ മസ്ദൂര്‍ മുക്തി മോര്‍ച്ച നേതാവ് ശരണ്‍ സിങ് പാന്ഥര്‍ പറഞ്ഞു. മൂന്ന് ആണ്‍മക്കള്‍ക്കും മകള്‍ക്കും ഒപ്പം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.
ലുധിയാന സ്വദേശിയായ ബിഷണ്‍ സിങ് ശ്വാസതടസം ഉണ്ടായതിനെത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഭാരതീയ കിസാൻ യൂണിയ(ഏകതാ സിദ്ധുപൂര്‍) അംഗമായിരുന്ന അദ്ദേഹം ശംബു അതിര്‍ത്തിയിലാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നത്. രണ്ടു ദിവസം മുമ്പ് കര്‍ഷകര്‍ക്കു നേരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതു മുതല്‍ ബിഷൻ സിങ്ങിന് ശ്വാസതടസം ഉണ്ടായിരുന്നതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുദീപ് സിങ് ചാഹല്‍ പറഞ്ഞു.
ഞായറാഴ്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ ശേഷമാണ് തെഹല്‍ സിങ് എന്ന 40 വയസുകാരൻ മരിച്ചത്.
ഫെബ്രുവരി 14നാണ് കുറഞ്ഞ താങ്ങുവില നിയമം വഴി ഉറപ്പുനല്‍കണമെന്നും എം എസ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചത്. മാര്‍ച്ച് ഡല്‍ഹിയിലേക്ക് കടക്കുന്നതിന് ഹരിയാന പൊലീസ് തടയിട്ടിരുന്നു.
ജലപീരങ്കിയും കണ്ണീര്‍ വാതകവും ഡ്രോണുകളും ഉപയോഗിച്ചും മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമം നടത്തി. ശംബു, ഖനൗരി ഉള്‍പ്പെടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ പല പ്രദേശങ്ങളിലും കര്‍ഷകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അഞ്ച് കാര്‍ഷിക വിളകള്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി കുറഞ്ഞ താങ്ങുവില ഏര്‍പ്പെടുത്താമെന്ന കേന്ദ്ര തീരുമാനം ഫെബ്രുവരിയില്‍ കര്‍ഷകര്‍ തള്ളുകയും സമരവുമായി മുന്നോട്ടു പോകുകയുമായിരുന്നു.
English Summary: Farmers strike: Three more protesters killed, total death toll 10
You may also like this video